5 വയസ്സുള്ള മകൾ കനാലിൽ വീണു: രക്ഷിക്കാൻ ചാടിയ മലയാളി അധ്യാപികയും പിതാവും മരിച്ചു

0

ലക്നൗ ∙ ഉത്തർപ്രദേശിൽ ഡാമിനോടു ചേർന്നുള്ള കനാലിൽ വീണ മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി അധ്യാപികയും പിതാവും മുങ്ങിമരിച്ചു. ഒഴുക്കിൽപ്പെട്ട 5 വയസ്സുള്ള മകളെ നാട്ടുകാർ രക്ഷിച്ചു.

ലളിത്പുർ തൽബെഹത്ത് കേന്ദ്രീയ വിദ്യാലയത്തിലെ ഇംഗ്ലിഷ് അധ്യാപികയും കഥാകൃത്തുമായ തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് നസിയ കോട്ടേജിൽ നസിയ ഷാരോൺ (31) , പിതാവ് ടി.പി. ഹസൈനാർ (61) എന്നിവരാണു മരിച്ചത്. മൃതദേഹങ്ങൾ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. കബറടക്കം കാരേറ്റ് മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ.ലളിത്പുർ മാതടില അണക്കെട്ടിനോടു ചേർന്ന വെള്ളച്ചാട്ടത്തിനു താഴെയുള്ള സീതാകുണ്ടിൽ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം.

ഡാമിനു സമീപമുള്ള പാർക്കിലേക്ക് ഏകമകൾ ഫൈസിയുമായി (5) എത്തിയതായിരുന്നു നസിയയും പിതാവും. കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ ഫൈസിയെ രക്ഷിക്കാൻ ഇരുവരും വെള്ളത്തിലേക്കു ചാടിയെങ്കിലും ഒഴുക്കിൽപ്പെട്ടു മുങ്ങിപ്പോയി. കുട്ടിയെ ഗ്രാമവാസികൾ രക്ഷിച്ചു. നസിയയുടെയും ഹസൈനാരുടെയും മൃതദേഹങ്ങൾ മുങ്ങൽ വിദഗ്ധർ കണ്ടെടുത്തു.

ലളിത്പുരിലെ കേന്ദ്രീയ വിദ്യാലയത്തിൽ 3 വർഷം മുൻപാണു നസിയ ജോലിക്കു ചേർന്നത്. വിജയ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനാണു ഹസൈനാർ. മകൾക്കൊപ്പം താമസിക്കാനാണു ലളിത്പൂരിലെത്തിയത്. നസിയയുടെ ആദ്യ ഇംഗ്ലിഷ് കഥാസമാഹാരം 5 വർഷം മുൻപാണു ആമസോൺ പുറത്തിറക്കിയത്. ഡിജിറ്റൽ സിനിമാ മേഖലയിൽ എൻജിനീയറായ ഷാരോൺ ആണ് ഭർത്താവ്. ഹസൈനാരുടെ ഭാര്യ: റാഫിയ (പുളിമാത്ത് ഗവ.എൽപിഎസ് അധ്യാപിക). മറ്റൊരു മകൾ: നദിയ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.