യാത്രാമൊഴി പാടി അച്ഛൻ വീണുമരിച്ചതറിയാതെ; മകൾ സുമംഗലിയായി

0

കല്യാണ തലേന്ന് സ്വീകരണപ്പന്തലിൽ യാത്രാമൊഴി പാടി അച്ഛൻ വീണുമരിച്ചതറിയാതെ മകൾ വിവാഹിതയായി.ഇളയമകളുടെ വിവാഹത്തലേന്ന് വീട്ടിലൊരുക്കിയ സത്‌കാരത്തിൽ പാടുമ്പോഴാണ് നീണ്ടകര പുത്തൻതുറ എ.എം.സി. മുക്ക് താഴത്തുരുത്തിൽ ചമ്പോളിൽവീട്ടിൽ വിഷ്ണുപ്രസാദ് (55)കുഴഞ്ഞുവീണു മരിച്ചത്. തിരുവനന്തപുരം കരമന സ്റ്റേഷനിലെ എസ്.ഐ.യാണ് മരിച്ച വിഷ്ണുപ്രസാദ്.

ഇളയമകൾ ആർച്ച പ്രസാദിന്റെ വിവാഹത്തോടനുബന്ധിച്ച് ശനിയാഴ്ച രാത്രിയാണ് വീട്ടിൽ സ്വീകരണച്ചടങ്ങ് ഒരുക്കിയത്. വീട്ടിൽ നടത്തിയ ആഘോഷങ്ങളിൽ പാടാനറിയാവുന്ന വിഷ്ണു പ്രസാദും ഭാഗമായി. അമരം എന്ന സിനിമയിലെ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട രാക്കിളി പൊന്‍മകളെ എന്ന ഗാനം പാടുന്നതിനിടയിലാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവാഹം മാറ്റിവെക്കുന്നതിലെ ബുദ്ധിമുട്ടുമൂലം മകളെ മരണവിവരം അറിയിക്കേണ്ടെന്ന് അവസാന നിമിഷം ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. നീണ്ടകര പരിമണം ക്ഷേത്രത്തി ഞായറാഴ്ചയായിരുന്നു വിവാഹം.അച്ഛൻ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് ബന്ധുക്കൾ ആർച്ചയോട് പറഞ്ഞിരുന്നത്.