സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സന്ന്യാസ സഭയില്‍നിന്ന് പുറത്താക്കി

0

കല്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ എഫ്.സി.സി. സന്ന്യാസ സഭയില്‍നിന്ന് പുറത്താക്കി.കത്തിലൂടെയാണ് സിസ്റ്റർ ലൂസിയ്ക്ക് അറിയിപ്പ് ലഭിച്ചത്. പത്ത് ദിവസത്തിനകം സഭയിൽ നിന്ന് പുറത്തുപോകണമെന്ന് കത്തിൽ പറയുന്നു. മുന്നറിയിപ്പുകൾ നൽകിയിട്ടും എഫ്.സി.സി സന്ന്യാസ സഭയുടെ നിയമങ്ങൾ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ സിസ്റ്റര്‍ ലൂസി പിന്തുണച്ചിരുന്നു. തുടര്‍ന്ന് സഭാനിയമപ്രകാരമുള്ള അച്ചടക്കനടപടി സ്വീകരിക്കാതിരിക്കാന്‍ മതിയായ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടു പലതവണ സിസ്റ്ററിനു നോട്ടിസ് ലഭിച്ചു. വയനാട് ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ അധ്യാപികയായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അനുവാദമില്ലാതെ ടി.വി. ചാനലുകളില്‍ അഭിമുഖം നല്‍കിയതിനും, മഠത്തില്‍ വൈകിയെത്തി, സന്യാസവസ്ത്രം ധരിക്കുന്നില്ല, മേലധികാരികളെ അനുസരിക്കുന്നില്ല, അനുവാദമില്ലാതെ കാർ വാങ്ങി, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തു തുടങ്ങിയ നിരവധി കുറ്റാരോപണങ്ങളും സിസ്റ്റര്‍ ലൂസിക്കെതിരെ ഉണ്ട്.

പുറത്താക്കിക്കൊണ്ടുള്ള കത്തിനോടൊപ്പം പുറത്താക്കലിന് വത്തിക്കാൻ നൽകിയ സ്ഥിരീകരണവും ഡൽഹിയിലെ അപ്പസ്തോലിക് ന്യൂൺഷ്യോയുടെ കത്തും ഉൾക്കൊള്ളിച്ചിട്ടുണ്ട്. മെയ് 11 ന് ഡല്‍ഹിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ എല്ലാവരും ഏകഖണ്ഡമായി ലൂസി കളപ്പുരയ്ക്കലിനെതിരെ വോട്ട് ചെയ്‌തെന്നാണ് വിവരം. സന്ന്യാസ സഭയുടെ ജീവിത ശൈലിയായ അനുസരണം, ദാരിദ്ര്യം, കന്യകാത്വം എന്നീ വ്രതങ്ങൾ ഇനി മുതൽ പാലിക്കേണ്ടതില്ലെന്നും കത്തു കിട്ടി 10 ദിവസത്തിനകം നിലവിൽ താമസിക്കുന്ന സന്ന്യാസ ഭവനത്തിൽ നിന്ന് പുറത്തു പോകണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സുപ്പീരയർ ജനറൽ സിസ്റ്റർ ആൻ ജോസഫാണ് കത്ത് നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.