മലബാര്‍ എക്‌സ്പ്രസ്സില്‍ തീപ്പിടിത്തം: യാത്രക്കാർ ചങ്ങലവലിച്ച് ട്രെയിൻ നിർത്തി;ഒഴിവായത് വൻദുരന്തം

0

തിരുവനന്തപുരം∙ മംഗലാപുരം–തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം. എഞ്ചിനു പിന്നിലെ പാർസൽ ബോഗിക്കാണു തീപിടിച്ചത്. തീ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തുകയായിരുന്നു. ഉടന്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

രാവിലെ 7.45 ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് സംഭവം . മലബാര്‍ എക്‌സ്പ്രസ്സിന്റെ മുന്നിലെ ലഗ്ഗേജ് വാനിലാണ് തീപ്പിടിത്തമുണ്ടായത്. യാത്രക്കാരാണ് പുകയുയരുന്നത് ആദ്യം കാണുന്നത്. ഉടന്‍ തന്നെ ചങ്ങല വലിച്ച് റെയില്‍വേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ട്രെയിനിലുണ്ടായിരുന്നവർ പറയുന്നത്. തീ മറ്റ് ബോഗികളിലേക്ക് പടരുന്നതിന് മുമ്പ് തീ അണയ്ക്കാനായി. അപകടം ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. തീപിടിച്ച ബോഗി മറ്റ് കോച്ചുകളില്‍ നിന്ന് പെട്ടെന്ന് തന്നെ വേര്‍പ്പെടുത്താന്‍ കഴിഞ്ഞതോടെ തീപടരാനുള്ള സാധ്യത അടക്കാന്‍ കഴിഞ്ഞു. തീപ്പിടിത്തമുണ്ടായ പാര്‍സല്‍ ബോഗിയില്‍ ബൈക്കുകളുണ്ടായിരുന്നു. ബൈക്കുകളുരസിയുള്ള തീപ്പൊരിയിൽ നിന്നാണ് തീപ്പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.