മാറ്റിവെച്ച ശമ്പളത്തിന്റെ ആദ്യ ഗഡു ഈ മാസം: തോമസ് ഐസക്

0

കോവിഡ് പ്രതിസന്ധിയോടനുബന്ധിച്ച് മാറ്റിവെച്ച സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ ആദ്യഗഡു ഈ മാസംതന്നെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ജീവനക്കാർക്ക് സമ്മതമെങ്കിൽ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ സംഭാവനയായി നൽകാം. ഇതിന് സമ്മതപത്രം എഴുതിനൽകണം.

ഒരുമാസത്തെ ശമ്പളമാണ് മാറ്റിവെച്ചത്. ഇത് അഞ്ചുഗഡുക്കളായാണ് നൽകുക. മേയിൽ കിട്ടുന്ന ഏപ്രിൽമാസത്തെ ശമ്പളത്തോടൊപ്പം ഇത് നൽകാനായിരുന്നു തീരുമാനം. എന്നാൽ സോഫ്റ്റ്‌വേർ പരിഷ്കരണത്തിലെ കാലതാമസംമൂലം ശമ്പളബില്ലുകൾ പാസാക്കിക്കഴിഞ്ഞതിനുശേഷമേ ഈ തുകയുടെ വിതരണം നടക്കൂ. ഗഡുക്കൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവനയായി നൽകുന്നതിനുള്ള സൗകര്യം അനുവദിക്കണമെന്ന് എൻ.ജി.ഒ. യൂണിയൻ അഭ്യർഥിച്ചിരുന്നു. ശമ്പളവിതരണ ഉദ്യോഗസ്ഥർ സമ്മതപത്രം പരിശോധിച്ച് സമ്മതം തന്ന അത്രയും ഗഡുക്കൾ പിടിച്ച് ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണം.