മീനും തൈരും തമ്മിലെന്ത്?- മുരളി തുമ്മാരുകുടി

0

മീനും തൈരും വിരുദ്ധാഹാരമാണെന്ന് മിക്കവാറും മലയാളികൾക്കറിയാം. ഇത് രണ്ടും ഒരുമിച്ചു കഴിച്ചാൽ വയറിളക്കം തൊട്ട് വെള്ളപ്പാണ്ട് വരെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നവരുണ്ട്. ഇത് വിശ്വസിക്കാത്തവർ പോലും ”എന്തിനാ റിസ്ക്ക് എടുക്കുന്നത്” എന്ന ലോജിക് വെച്ച് ഇത് കഴിക്കാറില്ല.
മൽസ്യം ദേശീയ ഭക്ഷണമായ ബംഗാളികൾക്ക് ഈ കുഴപ്പമൊന്നും അറിയില്ല. അതുകൊണ്ട് അവരത് സ്ഥിരമായി കഴിക്കുന്നു. വയറിളക്കമോ വെള്ളപ്പാണ്ടോ ബംഗ്ളാദേശിന്റെ ദേശീയ അസുഖം അല്ല താനും.
ഇത് മീനിന്റെയോ തൈരിന്റെയോ മാത്രം പ്രശ്നമല്ല. അനവധി ഭക്ഷണവസ്തുക്കളെപ്പറ്റി ഇങ്ങനെ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത വിശ്വാസങ്ങളുണ്ട്. ചില ഭക്ഷണത്തിന് ചൂടാണ്, ചിലത് തണുപ്പാണ് എന്നൊക്ക പഴമക്കാർ പറയുന്പോൾ, ചില ഭക്ഷണങ്ങൾ ഡീറ്റോക്സ് ചെയ്യും, ആന്റി ഓക്സിഡന്റ് ഉണ്ടാകും എന്നൊക്കെയാണ് പുതിയകാല ഫാഷൻ ഗുരുക്കൾ പറയുന്നത്. രണ്ടിലും കാര്യമൊന്നുമില്ല. കാപ്പി ആരോഗ്യത്തിന് നല്ലതല്ലെന്ന് വർഷത്തിൽ ഒരിക്കലെങ്കിലും ഒരു പഠനം തെളിയിക്കും. രണ്ടു വർഷത്തിൽ ഒരിക്കലെങ്കിലും കാപ്പി നല്ലതാണെന്നും വേറെ ചില ഗവേഷണങ്ങൾ തെളിയിക്കും. ചായയുടെ കാര്യവും വ്യത്യസ്തമല്ല.
ചായയാണോ കാപ്പിയാണോ മനുഷ്യന് കൂടുതൽ ഹാനികരം എന്ന് ഗവേഷണം നടത്തിയ ഒരു ശാസ്ത്രജ്ഞൻ ഉണ്ടായിരുന്നുവത്രേ! ജയിൽപ്പുള്ളികളെ ആണ് അദ്ദേഹം പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. ഒരു കൂട്ടർക്ക് സ്ഥിരം ചായ നൽകും, മറു കൂട്ടർക്ക് കാപ്പിയും. ആദ്യം മരിച്ചത് ഈ രണ്ടുകൂട്ടരുമല്ലാതെ ശാസ്ത്രജ്ഞൻ തന്നെ ആയതിനാൽ ഈ ഗവേഷണം പകുതി വഴിയിൽ നിന്നുപോയി.
അന്ധവിശ്വാസം എന്നത് ലോകവ്യാപകമായ ഒന്നാണ്. ധാരാളം സ്ഥലമൊക്കെ ഉണ്ടായിരുന്ന കാലത്ത് വീടുപണിക്ക് സ്ഥാനം നോക്കാൻ പുസ്തകവും ശാസ്ത്രവും ആയി നടന്ന മലയാളികൾ എത്ര പുരോഗമിച്ചു? ഇങ്ങനെയല്ലാതെ വീട് പണിയുന്നവർക്ക് വേറെ ഏറെ പണി കിട്ടുമെന്ന് തലമുറകളെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്‌തു. എന്നാൽ ലോക ജനസംഖ്യയുടെ ഒരു ശതമാനത്തിലും കുറവാണ് മലയാളികൾ എന്നും, ഈ സ്ഥാനവും മൂലയും ഒന്നും നോക്കാതെ വീട് വെച്ച ലോകത്തെ ബാക്കി തൊണ്ണൂറ്റൊന്പത് ശതമാനത്തിന്റെ മൂലത്തിനും ഒന്നും പ്രത്യേകിച്ച് പറ്റിയില്ലെന്നും ആരെങ്കിലും ഈ മറുതകളോട് ഒന്ന് പറഞ്ഞു കൊടുക്കേണ്ടേ ?.
അപ്പോൾ പറഞ്ഞു വരുന്നത് “അമ്മൂമ്മ പറഞ്ഞു” എന്നും പറഞ്ഞ് ആരും ഇനി തൈരും മീനും ചേർന്ന എന്തെങ്കിലും കറി കിട്ടിയാൽ കഴിക്കാതെ ഇരിക്കേണ്ട.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.