ബഹ്‌റൈനില്‍ ഫ്ലക്സിബിള്‍ പെര്‍മിറ്റ് സംവിധാനം നിലവില്‍ വരുന്നു

0

ബഹ്‌റൈനില്‍ തൊഴിലാളികള്‍ക്കായി ഫ്ലക്സിബിള്‍ പെര്‍മിറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നു. പദ്ധതി നടപ്പിലാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്റി അതോറിറ്റി (എല്‍.എം.ആര്‍.എ) ചീഫ് എക്‌സിക്യൂട്ടിവ് ഉസാമ അല്‍ അബ്‌സി അറിയിച്ചു. മിഡില്‍ ഈസ്റ്റ് മേഖലയില്‍ ആദ്യമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

നിയമവിരുദ്ധമായി കഴിയുന്ന ഏകദേശം 48,000 ത്തോളം പ്രവാസി തൊഴിലാളികള്‍ക്കാണ് ഇതുവഴി നിയമാനുസൃതമായി ജോലി ചെയ്യാനുള്ള അവസരം ഒരുങ്ങുന്നത്. 2016 സെപ്റ്റംബര്‍ 20 വരെയുള്ള കാലയളവില്‍ തൊഴിലുടമ വിസ പുതുക്കി  നല്‍കാതിരിക്കുകയോ, വിസ റദ്ദാക്കുകയോ ചെയ്തിട്ടും രാജ്യത്തു തുടരുന്ന തൊഴിലാളികള്‍ക്കാണ് അപേക്ഷ നല്‍കാന്‍ യോഗ്യതയുണ്ടാവുകയെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ആസ്ഥാന മന്ദിരത്തില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ അദ്ദേഹം വ്യക്തമാക്കി. എല്‍.എം.ആര്‍.എ സ്ഥാപിതമായതിന്റെ 10ാം വാര്‍ഷികവേളയില്‍ നടപ്പാക്കുന്ന ഈ നടപടിയിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും തൊഴില്‍ വിപണിയെയും ചടുലമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

രണ്ട് വര്‍ഷക്കാലയളവിലേക്ക് വ്യത്യസ്ത തൊഴിലുടമകളുടെ കീഴില്‍ തൊഴിലാളികള്‍ക്ക് വിവിധ ജോലികള്‍ ചെയ്യാന്‍ ഇതോടെ നിയമപരമായി സാധിക്കും. പാര്‍ട് ടൈം ആയും മണിക്കൂര്‍ അടിസ്ഥാനത്തിലും ജോലി ചെയ്യാനും അനുമതി നല്‍കുന്നു എന്നതാണ് ഫ്ലക്സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് സംവിധാനത്തിന്റെ പ്രത്യേകത. പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നേടി ആരുടെ കീഴിലും ഫ്ലക്സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് നേടുന്ന തൊഴിലാളിക്ക് ജോലിചെയ്യാം. പ്രത്യേക പ്രൊഫഷണല്‍ ലൈസന്‍സ് ആവശ്യമില്ലാത്ത തസ്തികകളിലാണ് വിവിധ തൊഴിലുടമകള്‍ക്ക് ഇവരെ ജോലിക്കു നിയമിക്കാന്‍ സാധിക്കുക. ആദ്യഘട്ടത്തില്‍ പ്രതിമാസം രണ്ടായിരം പേര്‍ക്കാണ് ഫ്ലക്സിബിള്‍ വര്‍ക്കര്‍, ഫ്ലക്സിബിള്‍ ഹോസ്പിറ്റാലിറ്റി വര്‍ക്കര്‍ എന്നീ പേരുകളില്‍ പുതിയ സൗകര്യം അനുവദിക്കുക.

പെര്‍മിറ്റ് എടുക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും അനുവദിക്കും. 200 ദിനാറാണ് ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റ് ഫീസ്. രണ്ടുവര്‍ഷത്തേക്കാണ് ഇത് അനുവദിക്കുക. ഹെല്‍ത് കെയര്‍ ഇനത്തില്‍ 144 ദിനാറും പ്രതിമാസം ഫീസായി 30 ദിനാര്‍ വീതവും ഗോസി തുകയും അടക്കണം. കൂടാതെ നാട്ടിലേക്ക് മടങ്ങാനുള്ള വിമാനടിക്കറ്റിനുള്ള പണവും ഡെപ്പോസിറ്റ് ആയി നല്‍കേണ്ടി വരും.

ഫ്ളെക്സിബ്ള്‍ വര്‍ക്കര്‍, ഫ്ളെക്സിബ്ള്‍ ഹോസ്പിറ്റാലിറ്റി വര്‍ക്കര്‍ എന്നിങ്ങനെ രണ്ടു തരം വര്‍ക്പെര്‍മിറ്റുകളാണ് അനുവദിക്കുക. ഹോസ്പിറ്റാലിറ്റി വര്‍ക്ക് പെര്‍മിറ്റ് ആവശ്യമുള്ള തൊഴിലാളികള്‍ക്ക് പ്രത്യേക വൈദ്യപരിശോധനകളും ഉണ്ടായിരിക്കും. ഹോസ്പിറ്റല്‍, ക്ലിനിക്, ഹോട്ടല്‍, സലൂണ്‍, റെസ്റ്റോറന്റ്, തുടങ്ങിയ ജോലികള്‍ ചെയ്യുന്നവര്‍ക്കാണ് ഈ പെര്‍മിറ്റ് ആവശ്യമായുള്ളത്. ഇവരുടെ കായികക്ഷമത പരിശോധിച്ച ശേഷമേ പെര്‍മിറ്റ് നനല്‍കുകയുള്ളൂ. വിവിധ അതോറിറ്റികളുടെ രജിസ്ട്രേഷന്‍ ആവശ്യമുള്ള മെഡിക്കല്‍, എഞ്ചിനിയറിങ്, സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലെ ജോലികള്‍ ചെയ്യാനായി ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റ് ഉള്ളവരെ അനുവദിക്കില്ല. ഫ്ളക്സിബിള്‍ വര്‍ക്ക് പെര്‍മിറ്റുള്ള തൊഴിലാളികള്‍ രാജ്യത്തെ നിയമവ്യവസ്ഥിതിയെ മാനിച്ചു കൊണ്ട് തന്നെ ജോലി ചെയ്യണം. നിയമലംഘനം നടത്തുന്നവരെ നാട് കടത്തുമെന്നും അവര്‍ക്കു മറ്റൊരു അവസരം നല്‍കില്ലായെന്നും ഉസാമ അല്‍ അബ്സി പറഞ്ഞു.

നിയമാനുസൃതമായ രേഖകളോടെ ജോലി ചെയ്യുന്നവര്‍ക്കും, തദ്ദേശീയരായ തൊഴിലാളികള്‍ക്കും, തൊഴിലുടമകളെ അറിയിക്കാതെ ഓടിപ്പോയവര്‍ക്കും, വിസിറ്റ് വിസയിലെത്തിയവര്‍ക്കും, റണ്‍ എവേ കേസ് ഉള്ളവര്‍ക്കും ഈ സേവനം ലഭിക്കുകയില്ല. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി വഴി നല്‍കപ്പെടുന്ന ഫ്ളക്സിബിള്‍ വര്‍ക്ക് പെര്‍മിറ്റിനുള്ള അപേക്ഷകള്‍ 2017 ജൂണ്‍ മാസം വരെ സമര്‍പ്പിക്കാം. അതേസമയം ഏതെങ്കിലും കേസുകളില്‍ കുടുങ്ങിയിട്ടുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.