വിമാനത്തിനുള്ളില്‍ പ്രശ്നം ഉണ്ടാക്കിയാല്‍ ഇനി ‘പറക്കല്‍ വിലക്ക്’; കുറ്റത്തിന്റെ കാഠിന്യം അനുസരിച്ചു മൂന്നുമാസം മുതല്‍ ആജീവനാന്തം വരെ വിലക്ക്

0

വിമാനത്തില്‍ കയറിയിട്ട് ഇനി എന്തുമാകാം എന്ന് കരുതേണ്ട. വിമാനത്തില്‍ അപമര്യാദയായി പെരുമാറുന്ന യാത്രക്കാര്‍ക്ക് ആജീവനാന്ത യാത്രാവിലക്ക് ഉള്‍പ്പെടെ ഏര്‍പ്പെടുത്താന്‍ നിയമം വരുന്നു.

മൂന്നുമാസം മുതല്‍ ആജീവനാന്തം വരെയാകും വിലക്ക്. ഇതുസംബന്ധിച്ച നിയമത്തിന്റെ കരട് വ്യോമയാനമന്ത്രാലയം സര്‍ക്കാരിനു സമര്‍പ്പിച്ചു. വിമാനക്കമ്പനിയുടെ മോശം സേവനത്തിനെതിരേ സ്വാഭാവികമായി പ്രതികരിക്കുന്ന നിരപരാധികളായ യാത്രക്കാരെ ദ്രോഹിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നിയമത്തില്‍ അപ്പീലിന് അവസരം നല്‍കിയിട്ടുണ്ട്.യാത്രക്കാരുടെ അതിക്രമങ്ങളെ മൂന്നുതലത്തിലാണു വേര്‍തിരിച്ചിട്ടുള്ളത്. ശാരീരികചേഷ്ടകള്‍, വാക്കാലുള്ള ആക്ഷേപം, മദ്യപിച്ചുള്ള അതിക്രമം എന്നിവയ്ക്കു മൂന്നുമാസം വിലക്കേര്‍പ്പെടുത്തും. പിടിച്ചുതള്ളുന്നതും തൊഴിക്കുന്നതും പോലുള്ള ശാരീരിക അതിക്രമം, ദുരുദ്ദേശ്യത്തോടെയുള്ള സ്പര്‍ശം, ലൈംഗികോപദ്രവം എന്നിവയ്ക്ക് ആറുമാസമാണു വിലക്ക്. ജീവനു ഭീഷണിയുണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റം, പ്രവര്‍ത്തന സംവിധാനം തകരാറിലാക്കല്‍, വധശ്രമം ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍, കോക്പിറ്റില്‍ അതിക്രമിച്ചു കടക്കല്‍ തുടങ്ങിയവയ്ക്കു രണ്ടുവര്‍ഷം മുതല്‍ ആജീവനാന്ത കാലത്തേക്കുവരെ യാത്രാവിലക്ക് ഏര്‍പ്പെടുത്താം. ഒരുതവണ വിലക്കു നേരിട്ടയാള്‍ പിന്നീടും പെരുമാറ്റദൂഷ്യം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകുമെന്നു വ്യോമയാന സെക്രട്ടറി ആര്‍.എന്‍. ചൗബെ വ്യക്തമാക്കി.

മറ്റു രാജ്യങ്ങളില്‍ ദേശീയസുരക്ഷയുമായി ബന്ധപ്പെട്ടു മാത്രമേ ഇത്തരം നിയമമുള്ളൂ. എന്നാല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വ്യോമയാനസുരക്ഷ മുന്‍നിര്‍ത്തി പറക്കല്‍ വിലക്ക് പട്ടിക ഏര്‍പ്പെടുത്തുന്ന ആദ്യരാജ്യമാകും ഇന്ത്യ.