ഇതാ ലോകത്തിലെ ഏറ്റവും വലിയ വിമാനം

0

ഫുട്‌ബോള്‍ മൈതാനത്തേക്കാള്‍ നീളത്തിലുള്ള ചിറകുകള്‍ ഉള്ള വിമാനം. അതാണ്‌ ലോകത്തിലെ ഏറ്റവും വലിയ വിമാനമായ സ്ട്രാറ്റോലോഞ്ചിന്റെ സവിശേഷത. ഭൂമിക്ക് മുകളിലെ രണ്ടാമത്തെ അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലേക്ക് റോക്കറ്റുകളെ എത്തിക്കുകയെന്ന വിചിത്രദൗത്യമാണ് സ്ട്രാറ്റോലോഞ്ചിനുള്ളത്.

റോക്കറ്റുകളെ ആകാശമധ്യത്തില്‍ നിന്ന് വിക്ഷേപിക്കുകയെന്ന ആശയത്തിന് പിന്നില്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ പോള്‍ അലനാണ്. കുറഞ്ഞ ചെലവിലും അതിവേഗത്തിലും ബഹിരാകാശ യാത്രകള്‍ സാധ്യമാക്കുകയെന്നതാണ് സ്ട്രാറ്റോലോഞ്ച് എന്ന സ്വപ്ന ഭീമന് പിന്നില്‍. 24 മണിക്കൂറുകൊണ്ട് ബഹിരാകാശ റോക്കറ്റുകളും പേടകങ്ങളും വിക്ഷേപണം നടത്തി തിരിച്ചെത്താന്‍ ഇവക്കാകും.

നിലവില്‍ ഉപഗ്രഹങ്ങളെ വഹിക്കുന്ന റോക്കറ്റുകളെ ഭൂമിയില്‍ നിന്നും വിക്ഷേപിക്കുന്നതിന് വലിയ തോതില്‍ ഇന്ധനവും ചിലവും ആവശ്യമാണ്. റോക്കറ്റുകളെ ആകാശത്തെത്തിച്ച് അവിടെ നിന്നും വിക്ഷേപണം നടത്തുകയാണ് സ്ട്രാറ്റോലോഞ്ച് ചെയ്യുന്നത്. വ്യോമയാന- പ്രതിരോധ മേഖലയിലെ കമ്പനിയായ ഓര്‍ബിറ്റല്‍ എടികെയാണ് സ്ട്രാറ്റോലോഞ്ചുമായി കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. ചെറിയ സാറ്റലൈറ്റുകള്‍ ബഹിരാകാശത്തെത്തിക്കാനാണ് ഇവര്‍ സ്ട്രാറ്റോലോഞ്ചിന്റെ സഹായം തേടിയിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമാവുക തുടങ്ങിയ കാരണങ്ങള്‍ സ്ട്രാറ്റോലോഞ്ചിന്റെ വിക്ഷേപണത്തെ ബാധിക്കുകയുമില്ല.

2011ല്‍ ഈ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ 300 ദശലക്ഷം ഡോളറായിരുന്നു പ്രതീക്ഷിച്ചിരുന്ന ചിലവ്. ചിറകുവിരിച്ചു നില്‍ക്കുന്ന സ്ട്രാറ്റോലോഞ്ചിന് 385 അടി വലിപ്പമുണ്ടാകും. റോക് എന്ന വിളിപ്പേരിലറിയപ്പെടുന്ന സ്ട്രാറ്റോലോഞ്ചിന് ഒരു ചരക്കും കയറ്റാതെ തന്നെ 2.26 ലക്ഷം കിലോഗ്രാം ഭാരമുണ്ട്. 28 ചക്രങ്ങളാണ് ഈ വിമാനത്തെ ഭൂമിയില്‍ ചലിപ്പിക്കാന്‍ സഹായിക്കുന്നത്.