ലാന്റിംഗ് വേളയിൽ വിമാനത്തിലെ വെളിച്ചം കുറയ്ക്കുന്നത് എന്തിനാണെന്ന് അറിയാമോ ?

0

വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏറ്റവും ടെന്‍ഷന്‍ നല്‍കുന്ന രണ്ടു സന്ദര്‍ഭങ്ങള്‍ ആണ്  ടേക്ക് ഓഫും അതുപോലെ ലാന്റിംഗും. ഈ സമയങ്ങളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ചില ക്രമീകരണങ്ങളും നടപ്പിലാക്കാറുണ്ട് എന്ന് മിക്കവര്‍ക്കും അറിയാം .അതില്‍ പ്രധാനമാണ് ലാന്റിംഗ് വേളയിൽ വിമാനത്തിനകത്തെ വെളിച്ചം ക്രമീകരിക്കുന്നത്.എന്നാല്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് മിക്കവര്‍ക്കും അറിയുകയും ഇല്ല .

ഒരുവിഭാഗം ആൾക്കാർ പറയുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണിത്. മറ്റുചിലർ യാത്രക്കാർക്ക് വിമാനമിറങ്ങാറായി എന്ന് സൂചന നൽകുന്നതിനാണെന്നും വാദിക്കുന്നു. മണിക്കൂറുകൾ നീളുന്ന യാത്രയ്ക്ക്‌ശേഷം ലാന്റിംഗിനു തൊട്ടുമുൻപായി വിമാനജീവനക്കാർ നടത്തുന്ന അനാവശ്യ നാടകീയതയാണ് ഇതെന്നും ആരോപണമുണ്ട്.

എന്തോക്കെ ആരോപണങ്ങൾ ഉണ്ടായാലും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ചെയ്യുന്ന ഈ നടപടിക്ക് അധികമാരുമറിയാത്തൊരു ശാസ്ത്രീയ വശവുമുണ്ട്. ഒരു പ്രശസ്ത എയർലൈൻ പൈലറ്റായ ക്രിസ് കൂക്കിന്റെ വെളിപ്പെടുത്തൽ ഇപ്രകാരമാണ്. നീണ്ടു നിൽക്കുന്ന യാത്രയ്ക്ക് ശേഷം വിമാനം ലാന്റ് ചെയ്യുമ്പോൾ ക്യാബിനകത്തുണ്ടായ വെളിച്ചത്തിൽ നിന്നും പെട്ടെന്നു പുറത്തിറങ്ങുമ്പോൾ പുറം വെളിച്ചവുമായി താദാത്മ്യം പ്രാപിക്കാൻ കണ്ണുകൾക്ക് പ്രയാസം അനുഭവപ്പെട്ടേക്കാം.

ഇത്തരത്തിലുള്ള കണ്ണുകളുടെ പൊരുത്തപ്പെടലിനു വേണ്ടിയാണ് ലാന്റിംഗിന് മുൻപെ തന്നെ ക്യാബിൻ വെളിച്ചം ക്രമീകരിക്കുന്നത് എന്നതാണ് ഇതിന്റെ ശാസ്ത്രീയ വശം. അടിയന്തിരമായി യാത്രക്കാരെ പെട്ടെന്ന് പുറത്തിറക്കേണ്ടി വരുന്ന ഘട്ടത്തിൽ പുറംവെളിച്ചവുമായി പൊരുത്തപ്പെടേണ്ടി വരികയെന്നത് വളരെ നിർണായകമാണ്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് വിമനത്തിനകത്തെ അല്ലെങ്കിൽ ക്യാബിൻ വെളിച്ചം ക്രമീകരിക്കുന്നത്

കടുത്ത പ്രകാശത്തിൻ നിന്നു പെട്ടെന്നൊരു മുറിയിലേക്ക് പ്രവേശിക്കുമ്പോൾ കുറച്ച് സമയത്തേക്ക് ആണെങ്കിൽ കൂടിയും കണ്ണുകളിൽ അന്ധകാരം തങ്ങിനിൽക്കുന്നതായി നമ്മുക്കനുഭവപ്പെടാറുണ്ട്. ഇതേ അവസ്ഥതന്നെയായിരിക്കും വിമാനത്തിനകത്തു നിന്നും പെട്ടെന്ന് പുറത്തുവരുമ്പോഴും അനുഭവപ്പെടുക. ഇത്തരത്തിലുള്ള പ്രയാസങ്ങൾ ഒഴിവാക്കുന്നതിനായാണ് വിമാനത്തിനകത്തെ പ്രകാശം കുറയ്ക്കുന്നത്.വിമാനം ലാന്റിംഗിനോടക്കുമ്പോൾ ജാലകത്തിന്റെ വിരി ഉയർത്താൻ പറയുന്നതും ഇതേകാരണം കൊണ്ടാണ്. വിമാനത്തിന്റെ ജാലകത്തിലൂടെ കടന്നുവരുന്ന പ്രകാശം പുറമെയുള്ള പ്രകാശവുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നതിനാലാണ് ഇപ്രകാരം ചെയ്യാനാവശ്യപ്പെടുന്നത്.