പിറന്നാള്‍ ദിനത്തില്‍ ഒരമ്മയ്ക്ക് മകന്‍ നല്‍കിയ കിടിലന്‍ സര്‍പ്രൈസ്; കൈയടിച്ച്‌ സോഷ്യല്‍ മീഡിയയും

0

നമ്മുടെ ഒട്ടുമിക്ക ആഗ്രഹങ്ങളും അച്ഛനമ്മമാര്‍ സാധിച്ചു തരാറുണ്ട്.പക്ഷെ അവരുടെ ചില കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ എങ്കിലും നമ്മള്‍ സാധിച്ചു കൊടുക്കാറുണ്ടോ.മക്കള്‍ മാതാപിതാക്കളെ വഴിയരികിലും വയോധികസദനങ്ങളിലും മറ്റും ഉപേക്ഷിക്കുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. അത്തരം വാര്‍ത്തകള്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുകയാണ് ഒരമ്മയ്ക്ക് മകന്‍ നല്‍കിയ സര്‍പ്രൈസ് യാത്രയുടെ കഥ.അതിങ്ങനെ:

വടക്കന്‍ പറവൂര്‍ സ്വദേശിയായ പ്രശാന്ത് അമ്മയ്ക്കു നല്‍കിയത് ഒരു സര്‍പ്രൈയ്‌സ് യാത്രയാണ്.കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്കൊരു വിമാന യാത്ര. ഏറെക്കാലമായി വിമാന യാത്രയെക്കുറിച്ചു പറഞ്ഞിരുന്ന അമ്മയ്ക്കു വേണ്ടി കിടിലന്‍ സര്‍പ്രൈസ് ആണ് പ്രശാന്ത് നല്‍കിയത്. ഏറെക്കാലമായി വിമാനയാത്രയെക്കുറിച്ച് അമ്മ പറയാറുണ്ടായിരുന്നു.. അതു കേട്ടു പ്രശാന്ത് അമ്മയ്ക്ക് ഒരു സര്‍പ്രൈയ്‌സ് നല്‍കാന്‍ തീരുമാനിച്ചു.യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന പ്രശാന്ത് ഒരു ദിവസം രാവിലെ നമ്മുക്ക് ഒരു ട്രിപ് പോകാം എന്നു പറഞ്ഞപ്പോള്‍ ആ അമ്മ ഒരിക്കലു ചിന്തിച്ചിരിക്കില്ല തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ പോകുകയാണെന്ന്. എന്തായാലും ആ സര്‍പ്രൈയ്‌സ് യാത്രയ്ക്കു ശേഷവും അമ്മ ഞെട്ടലിലില്‍ നിന്നു വിട്ടു മാറിട്ടില്ല എന്നു പ്രശാന്ത് പറയുന്നു. പ്രശാന്ത് ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ ഇട്ടതാണ് ഇക്കാര്യം. എന്തായാലും സംഭവം വൈറലായി.

പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

ഡിസംബര്‍ ആദ്യവാരം തിരുവനന്തപുരത്തേയ്ക്ക് ഒരു യാത്ര പോകാമെന്നു ഞാന്‍ അമ്മയോടു പറഞ്ഞപ്പോള്‍ മറുപടിയായി ഒരു ചിരിയാണു ലഭിച്ചത്. ട്രെയ്‌നില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ട് ആലുവ റെയില്‍വെ സ്‌റ്റേനില്‍ നിന്നും പോകാം എന്നാണു ഞാന്‍ പറഞ്ഞത്. അങ്ങനെ ഡിസംബര്‍ 16 ന് അതിരാവിലെ ഞങ്ങള്‍ വീട്ടില്‍ നിന്നും ഇറങ്ങി. ഒരു യൂബര്‍ ടാക്‌സി വിളിച്ച് നേരെ നെടുംബാശേരി എയര്‍പോര്‍ട്ടിലേയ്ക്ക്. അപ്പോഴാണ് അമ്മയ്ക്കു കാര്യം പിടികിട്ടിയത്, പോകുന്നതു ഫൈ്‌ലയിറ്റിലാണെന്ന്. ഒരാഴ്ച മുന്നേ ഇന്‍ഡിഗോയില്‍ രണ്ടു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പക്ഷേ സര്‍പ്രൈയ്‌സ് കൊടുക്കാന്‍ ആ കാര്യം രഹസ്യമാക്കി വച്ചു.

uploads/news/2016/12/64954/preshant.jpg

പിന്നെ ആദ്യമായി വിമാനത്തില്‍ കയറാന്‍ പോകുന്നതിന്റെ ത്രില്ലിലായിരുന്നു കക്ഷി. സെക്യൂരിറ്റി ചെക്കിങ്ങൊക്കെ പെട്ടന്നു കഴിഞ്ഞു. 10 മണിയോടെ ഞങ്ങളുടെ ഫൈ്‌ലയിറ്റ് കൊച്ചിയില്‍ നിന്നും പറന്നു. ഇതിനു മുമ്പു നാലു പ്രാവശ്യം വിമാനയാത്ര നടത്തിയ എനിക്ക് ഇത്തവണ ടേക്ക് ഓഫ് സമയത്ത് ചെറിയൊരു നെഞ്ചിടിപ്പ്. അതേ സമയം എന്നെ ഞെട്ടിച്ചു കൊണ്ടു യാതൊരു പേടിയും കൂടാതെ പുഞ്ചിരിച്ചു കൊണ്ട് അമ്മയും. ഏകദേശം 40 മിനിറ്റുകൊണ്ടു ഞങ്ങള്‍ തിരുവനന്തപുരത്തു ലാന്‍ഡ് ചെയ്തു. പിന്നീട് അവിടെ നിന്നും നേരെ മൃഗശാലയിലേയ്ക്ക്. മൃഗശാലയില്‍ രണ്ട് തവണ കറങ്ങിയ ശേഷം അവിടെ നിന്നും ഊണും കഴിച്ചു.

രണ്ടു മണിയോടെ അവിടെ നിന്നു തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ എത്തി. തിരിച്ച് 3.15 പിഎം നുള്ള കേരള ആര്‍ ടിസി ബെംഗലൂരു വോള്‍വോ ബസ്സിനായിരുന്നു മടക്കം. വോള്‍വോ മള്‍ട്ടി ആക്‌സില്‍ ബസ്സില്‍ ഞാനും ആദ്യമായാണു യാത്ര ചെയ്യുന്നത്. കൊല്ലം എത്തിയപ്പോള്‍ കണ്ടക്ടര്‍ ബസ്സില്‍ സിനിമ പ്ലേ ചെയ്തു. പഞ്ചാബി ഹൗസ്. പിന്നീടങ്ങോട്ട് ബസില്‍ പൊട്ടിച്ചിരികളുടെ ബഹളമായിരുന്നു. അങ്ങനെ രാത്രി 9 മണിയോടെ ഞങ്ങള്‍ വൈറ്റിലയില്‍ ബസിറങ്ങി. അവിടെ നിന്ന് ഒരു യൂബര്‍ ടാക്‌സി വിളിച്ച് നേരേ പറവൂരിലെ വീട്ടിലേയ്ക്ക്. അങ്ങനെ കുറെ നാളത്തെ അമ്മയുടെ ഒരു ആഗ്രഹം സാധിച്ചു കൊടുക്കാന്‍ കഴിഞ്ഞു. ഇനി അമ്മയോടൊത്ത് ഒരു ഇന്റര്‍നാഷ്ണല്‍ ട്രിപാണ് അടുത്ത ആഗ്രഹം. അധികം വൈകാതെ അതും സാധ്യമകാട്ടെ… മാതാപിതക്കളുടെ സന്തോഷമാണ് മക്കളുടെ സംതൃപ്തി.