ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന രാജ്യം പൂര്‍ത്തിയാകുന്നു; ഇടപാടുകളെല്ലാം ക്രിപ്‌റ്റോ കറൻസിയിൽ

0

ഇടപാടുകളെല്ലാം ക്രിപ്‌റ്റോ കറൻസിയിൽ, നല്ല സുരസുന്ദരമായ സ്ഥലം, അതും പസഫിക് സമുദ്രത്തിൽ ഒഴുകിപ്പരന്നു കിടക്കുന്ന രാജ്യം. ഇവിടേയ്ക്ക് താമസിക്കാന്‍ പോകണോ? എങ്കില്‍ വെറും നാല് കൊല്ലം കൂടി കാത്തിരിക്കൂ, കാരണം ഈ ചെറുരാജ്യം ഒരുങ്ങുകയാണ്. പസഫിക് സമുദ്രത്തിൽ താഹിതിക്ക് സമീപം ലോകത്തെ ആദ്യ ഒഴുകുന്ന രാജ്യം 2022-ൽ പൂർത്തിയാകും.

പവിഴപ്പുറ്റുകൾക്ക് മേലെയാണ് ഈ ഒഴുകും രാജ്യം.  സമുദ്രത്തിലെ വെള്ളം കൂടുതന്നതനുസരിച്ച് അടിയിലെ തിട്ടകൾ അപ്രത്യക്ഷമാകും. അപ്പോൾ, കപ്പൽപോലെ രാജ്യം വെള്ളത്തിൽ പൊങ്ങിനിൽക്കും. വെള്ളം ഇറങ്ങുന്നതനുസരിച്ച് തിട്ടകൾ തിരിച്ചുവരികയും ചെയ്യും. കാലാവസ്ഥാ വ്യതിയാനം മൂലം നാശത്തിലേക്ക് പോകുന്ന ചെറു ദ്വീപുകളിലെ അന്തേവാസികളെ പാർപ്പിക്കാനും ഭാവിയിൽ ഇത്തരം ഒഴുകു രാജ്യങ്ങളുണ്ടാക്കുമെന്ന്  വാർവിക്ക സർവകലാശാലയിലെ ഗവേഷകനും പദ്ധതിയുടെ ആസൂത്രകരിലൊരാളുമായ മെസ ഗാർഷ്യ പറയുന്നു. 300 കുടുംബങ്ങൾക്കാണ് ഈ കടലിലെ രാജ്യത്ത് താമസിക്കാനാവുക. ഇതിനുപുറമേ, ഹോട്ടലുകളും ഓഫീസുകളും മറ്റു സൗകര്യങ്ങളുമൊക്കെയുണ്ടാകും. വെയ്‌റോൺ എന്ന ക്രിപ്‌റ്റോ കറൻസിയിലൂടെയാണ് ഇടപാടുകൾ. പോളിനേഷ്യ സർക്കാരിന്റെ സഹായത്തോടെ 3.7 കോടി ഡോളർ ചെലവിട്ട് പേപാൽ സ്ഥാപകൻ പീറ്റർ തീലാണ് പദ്ധതിക്ക് പിന്നിൽ. വേറെയും ഒട്ടേറെ നിക്ഷേപകരും സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.