സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണം: ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍

0

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. സൗജന്യകിറ്റ് ആവശ്യമെങ്കില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനര്‍ഹമായി ബിപിഎല്‍ കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവര്‍ ഈ മാസം 30നകം തിരിച്ചേല്‍പ്പിക്കണം. കോവിഡ് ബാധിച്ചു മരിച്ച റേഷന്‍കട ജീവനക്കാര്‍ക്കുള്ള സഹായം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. റേഷന്‍ കടയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 40തോളം പേര്‍ ഇതിനോടകം കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. അവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വീടുകളില്‍ എത്തിച്ചു നല്‍കുന്ന കാര്യം സജീവ പരിഗണയിലാണെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ ആദ്യം വരെ ഭക്ഷ്യകിറ്റ് കൊടുക്കുന്നതിനാണ് ഇതുവരെ ക്രമീകരണം. ഇതു നീട്ടേണ്ട സാഹചര്യമുണ്ടായാല്‍ ക്യാബിനറ്റ് കൂടി തീരുമാനം എടുക്കും. ആവശ്യക്കാര്‍ക്ക് മാത്രം കിറ്റ് നല്‍കിയാല്‍ മതിയെന്ന നിര്‍ദ്ദേശം പല ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇതൊക്കെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതനുസരിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് ഈ വിഷയം എത്തിച്ചിട്ടുണ്ട്. വരുമാനള്ളവര്‍ക്ക്‌ കിറ്റ് ആവശ്യമില്ല എങ്കില്‍ അത് വേണ്ടായെന്ന് വയ്ക്കാനുള്ള സംവിധാനം ഒരുക്കും. ഇതിനുള്ള പദ്ധതിയും മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ അവതരിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും കൊടുക്കണമെന്നാണ് നിലവിലെ ക്യാബിനറ്റ് തീരുമാനമെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ വ്യക്തമാക്കി.