🔥 ഫോർ ദി പീപ്പിൾ🔥 മലയാളത്തിലെ ആദ്യത്തെ ന്യൂ ജനറേഷൻ സിനിമ

0

ചെറിയ ചില ചലനങ്ങൾ ഒഴിച്ചു നിർത്തിയാൽ താരരാജാക്കന്മാരുടെ ചിത്രങ്ങൾ മാത്രം,കേരളത്തിൽ അരങ്ങ് വാഴ്ന്നിരുന്ന കാലം..അങ്ങനെയുള്ളൊരു കാലത്ത്..കൃത്യമായി പറഞ്ഞാൽ 16 വർഷം മുൻപുള്ള ഒരു ഫെബ്രുവരി മാസത്തിൽ ഒരു ചെറിയ സിനിമ കേരളത്തിൽ റിലീസാകുന്നു.22 തീയേറ്ററിൽ മാത്രമായിരുന്നു ആ സിനിമയുടെ പരിമിതമായ റിലീസ്..പുതുതാരചിത്രങ്ങൾ നിരവധി വന്നു കൊണ്ടിരിക്കുകയും,അതെല്ലാം തകർന്നടിയുകയും ചെയ്തിരുന്ന കാലത്തായിരുന്നു അരങ്ങിലും അണിയറയിലും ഒരുപറ്റം പുതുമുഖങ്ങളെ പരീക്ഷിച്ചു കൊണ്ട് സംവിധായകൻ ജയരാജ് വേറിട്ടൊരു പരീക്ഷണത്തിന് മുതിർന്നത്.

പുതുമുഖ സിനിമകൾക്ക് കാര്യമായ വേരോട്ടം ലഭിക്കാതിരുന്ന കാലത്ത് ഇങ്ങനെയൊരു സിനിമ റിലീസായത് പോലും പലരും അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം.എന്നാൽ സിനിമ റിലീസാകുന്നതിന് മുൻപേ സിനിമയിലെ പാട്ടുകൾ വമ്പൻ ജനപ്രീതി കൈവരിച്ചിരുന്നു.സിനിമ റിലീസ് ചെയ്ത് അൽപദിവസങ്ങൾക്കകം കഥ മാറി..പ്രദർശനശാലകളിലെല്ലാം തന്നെയും യുവാക്കളുടെ വലിയ തോതിലുള്ള തിക്കും തിരക്കും..ബ്ലാക്കിലടക്കം ടിക്കറ്റ് കിട്ടാതെ ആളുകൾ അലയുന്ന കാഴ്ച..ചില തീയേറ്ററുകളിൽ ലാത്തിച്ചാർജ്ജും അരങ്ങേറി..കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുതാരസിനിമക്ക് ഇത്തരത്തിലുള്ള വരവേൽപ്പ് ലഭിക്കുന്നത് തന്നെ,അപൂർവ്വങ്ങളിൽ അപൂർവ്വമായ കാഴ്ചയായിരുന്നു.സിനിമയിലെ ഗാനങ്ങൾ തീയേറ്ററിൽ പ്രദർശിപ്പിക്കുമ്പോൾ യുവാക്കൾ എണീറ്റ് നിന്ന് നൃത്തം ചവിട്ടുന്നു.സിനിമയിലെ നായകരുടെ ഗെറ്റപ്പുകൾ ക്യാംപസിൽ അതിവേഗം തരംഗമാകുന്നു.

ചുരുങ്ങിയ സമയംകൊണ്ട് തന്നെ സിനിമ,കേരളമെങ്ങും ചർച്ചാവിഷയമായി.

നാടെങ്ങും സിനിമയുടെ പോസ്റ്ററുകളും പാട്ടുകളും പരന്നു.

സിനിമ കാണാത്തത് പലർക്കും അഭിമാനപ്രശ്നമാകുന്ന അവസ്ഥ വരെയെത്തി,കാര്യങ്ങൾ

ടി.വി ചാനലുകളിലും റേഡിയോ അടക്കമുള്ള ദൃശ്യമാധ്യമങ്ങളിലും ചിത്രത്തിലെ ഗാനങ്ങൾ വലിയതോതിൽ ആസ്വാദകരെ തൃപ്തിപ്പെടുത്തി മുന്നേറിക്കൊണ്ടിരുന്നു.

മൗത്ത് പബ്ലിസിറ്റി തന്നെയാണ് ഒരു സിനിമയുടെ ഏറ്റവും വലിയ കരുത്ത് എന്ന സത്യത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു സിനിമക്ക് അന്ന് ലഭിച്ച അഭൂതപൂർവമായ സ്വീകര്യത

യുവപ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കിയ സിനിമ,ചുരുങ്ങിയ സമയം കൊണ്ട് തന്നെ കേരളത്തിലങ്ങോളമിങ്ങോളമുള്ള യുവാക്കൾ ഏറ്റെടുത്തു

50 ലക്ഷം രൂപ ചെലവിലൊരുക്കിയ സിനിമ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ 25 ലക്ഷത്തോളം രൂപ കളഷൻ സ്വന്തമാക്കി.ചിത്രത്തിലെ ഗാനങ്ങളുടെ കാസറ്റ് രണ്ടര ലക്ഷത്തോളം കോപ്പികളാണ് വിറ്റഴിഞ്ഞത്.ഇതില്‍ നിന്നുള്ള വരുമാനം വേറെയും ലഭിച്ചു.പുതുമുഖനായകര്‍,അടിപൊളി ഗാനങ്ങള്‍,സാങ്കേതികതയുടെ ഉയർന്ന തലം തുടങ്ങി ഏവരേയും ആകർഷിക്കത്തക്ക ചേരുവകള്‍ ചേര്‍ത്തിണക്കിയായിരുന്നു സംവിധായകൻ ജയരാജ് പുതിയൊരു ഫോര്‍മുല മലയാള സിനിമക്ക് സമ്മാനിച്ചത്.മമ്മൂട്ടി നായകനായ സേതുരാമയ്യർ സി.ബി.ഐ എന്ന സിനിമക്കൊപ്പം അക്കൊല്ലത്തെ വലിയ വാണിജ്യവിജയങ്ങളിലൊന്നാകാനും ഈ സിനിമക്ക് സാധിച്ചു

🔥ഫോർ ദി പീപ്പിൾ🔥

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ന്യൂ ജനറേഷൻ സിനിമ എന്ന ലേബൽ ഈ സിനിമക്ക് നൽകാനാണ് അന്നും ഇന്നും ആഗ്രഹിക്കുന്നത്..കേരളത്തിൽ ഈ സിനിമ സൃഷ്ടിച്ച ഓളം..തരംഗം..മറ്റൊരു പുതുമുഖ സിനിമകൾക്കും അവകാശപ്പെടാനില്ലാത്ത ഒന്നാണ്

പുറത്തിറങ്ങും മുൻപേ സിനിമയിലെ പാട്ടുകളുടെ പേരിലാണ് ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രം ആദ്യം അറിയപ്പെട്ടുതുടങ്ങിയത് തന്നെ.തിയേറ്ററുകളില്‍ യുവപ്രേക്ഷകരുടെ വന്‍ തിരക്ക് ഉണ്ടായത് ജാസി ഗിഫ്റ്റ് ഈണമിട്ട ലജ്ജാവതിയേ എന്ന പാട്ടിന്റെ മാസ്മരിക കൊണ്ടുകൂടിയാണ്.റേഡിയോ-ടി.വി അടക്കമുള്ള സകലദൃശ്യമാധ്യമങ്ങളുടെയും അടപ്പ് തെറിക്കുന്ന തരത്തിലായിരുന്നു ഈ പാട്ടിന്റെ സ്വീകാര്യത.ദൃശ്യ-മാധ്യമങ്ങളിലെ ഫോൺ ഇൻ പ്രോഗ്രാമുകളിലും മറ്റും ഈ സിനിമയിലെ പാട്ടുകൾ ആവർത്തിച്ചാവശ്യപ്പെടുന്നതിന്,അന്ന് ഹൈസ്‌കൂൾ വിദ്യാർത്ഥിയായ ഞാൻ കൂടി സാക്ഷിയാണ്.പാട്ടുകൾ ആവർത്തിച്ചു കേട്ടും പാടിയും ആളുകൾ തങ്ങളുടെ കൂറ് തെളിയിച്ചു..സിനിമയിലെ മറ്റ് പാട്ടുകളുടെ കഥയും വ്യത്യസ്തമായിരുന്നില്ല.എന്നിരുന്നാലും സോഷ്യൽ മീഡിയയുടെ അതിവ്യാപനമില്ലാത്തൊരു കാലത്ത് ലജ്ജാവതിയേ എന്ന ഗാനം തീർത്ത തരംഗം അന്നും ഇന്നും മായാതെ നിൽക്കുന്നു.പാട്ടുകൾ സൃഷ്ടിച്ച വേഗം ചിത്രത്തിലുടനീളം സൂക്ഷിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഫോര്‍ ദി പീപ്പിളിനെ വലിയ രീതിയിലുള്ള വാണിജ്യവിജയമാക്കി തീർക്കാൻ സഹായിച്ചത്.അങ്ങേയറ്റം പരിചിതവും എന്നാൽ വ്യത്യസ്തവുമായ ശബ്‌ദത്തിൽ ജാസി ഗിഫ്റ്റ് സിനിമയിലുടനീളം തകർത്ത് പാടിയപ്പോൾ ശരിക്കുമതൊരു പൊളിച്ചെഴുത്ത് തന്നെയായിരുന്നു.സിനിമ കഴിഞ്ഞും പ്രേക്ഷകർക്ക് നൃത്തം ചെയ്യാൻ തക്ക രീതിയിൽ തീയേറ്ററിൽ ഗാനം അവതരിപ്പിക്കുക എന്ന
ട്രെൻഡ് പോലും ഈ സിനിമയാണ് ആദ്യമായി സമ്മാനിച്ചത്.ഇതെല്ലാം തന്നെ അക്കാലത്ത് വലിയ ചർച്ചാവിഷയമാകുകയും സിനിമ നേടിയ ജനപ്രീതിയുടെ നേർസാക്ഷ്യവുമായി മാറുകയും ചെയ്തു

എബ്രഹാം ലിങ്കന്റെ ഫോർ ദി പീപ്പിൾ എന്ന ആശയവും ഒപ്പം ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ മാറ്റങ്ങളുടെ പേപ്പർ കട്ടിംങ്ങുകളും പ്രദർശിപ്പിച്ചുകൊണ്ട്‌ സിനിമ ആരംഭിക്കുന്നത്.തങ്ങള്‍ രൂപം നല്‍കിയ വെബ്സൈറ്റിലൂടെ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ
അനീതിക്കെതിരെ ഒളിപ്പോരാട്ടം നടത്തുകയും ക്രമേണ സമാന്തരശക്തിയായി മാറുകയും ചെയ്യുന്ന നാല് എൻജിനീയറിങ് വിദ്യാർത്ഥികളുടെ കഥയായിരുന്നു സിനിമ പറഞ്ഞത്.നായകരായ യുവാക്കള്‍ക്ക്,സിനിമയിൽ ത്യാഗനിര്‍ഭരമായൊരു ഭൂതകാലം കല്പിച്ചുനല്‍കിയിട്ടുണ്ടായിരുന്നു.സമരസന്നാഹങ്ങള്‍ നിറഞ്ഞ ഭൂതകാലത്തിലെ ചില പേരുകളെ(അടിയന്തിരാവസ്ഥക്കാലത്ത് കൊല ചെയ്യപ്പെട്ട രാജന്‍,ചാലിയാറിലെ മലിനീകരണത്തിനെതിരെ പൊരുതി ഒടുവില്‍ ക്യാന്‍സറിന് അടിപ്പെട്ട് മരിച്ച റഹ്മാന്‍)ഓര്‍മിപ്പിക്കുന്നവരുടെ ഉറ്റബന്ധുക്കളായിട്ടാണ് ചിത്രത്തിലെ നായകരെ അവതരിപ്പിച്ചിരിക്കുന്നത്.രാഷ്ട്രീയബോധവും അനുഭവത്തിന്റെ തീക്ഷ്ണതയുമെല്ലാം ഇവരെ അനീതികള്‍ക്കെതിരായ പോരാട്ടത്തിന് പ്രേരിപ്പിക്കുന്നുവെന്നതാണ് ചിത്രത്തിലെ നായകന്മാരെ അനീതികൾക്ക് എതിരെ പോരാടാൻ പറഞ്ഞു വയ്ക്കുന്നതിന്റെ പൊതുകല്പന.

പരാതികളില്‍ പറഞ്ഞിരിക്കുന്ന അനീതിക്കാരെ ഈ ചെറുപ്പക്കാര്‍ നേരില്‍ ചെന്ന് കാണുന്നു.അനീതിക്കുള്ള ശിക്ഷ അവര്‍ക്ക് ന്നേരിട്ടു നല്‍കുന്നു.ഭരണകൂടത്തിന് വെല്ലുവിളിയായ അവരെ കണ്ടെത്താന്‍ ഒടുവിൽ എസ്.പി.രാജന്‍മാത്യു എന്ന സമര്‍ത്ഥനായ പൊലീസ് ഓഫീസര്‍ നിയോഗിക്കപ്പെടുന്നതോടെ കഥ മുറുകുന്നു.രാജന്‍മാത്യു നാല്‍വര്‍സംഘത്തെ പിടികൂടുന്നുവെങ്കിലും അനീതിക്കെതിരായ സമരം തുടരുന്നതിന് അപ്പോഴേക്കും നാല് പേര്‍ കൂടി മുന്നോട്ടുവരുന്നതായി കാണിച്ചാണ് ചിത്രം അവസാനിക്കുന്നത്.#Ramana,#Gentleman,#Muthalvan,#Indian എന്നീ Vigilant Thrillerകളിലൂടെ ആളെക്കൂട്ടിയ തമിഴ് സിനിമകളുടെ അതേ ടെക്നിക്കാണ് ഈ സിനിമ വഴി മലയാളത്തിൽ ജയരാജും പ്രയോഗിച്ചത്.

സിനിമ കണ്ട് പുറത്തിറങ്ങിയവർ അക്ഷരാർത്ഥത്തിൽ അന്തിച്ചു പോയത് സിനിമയുടെ സാങ്കേതികവശങ്ങൾ പുലർത്തിയ മികവ് കണ്ടുകൂടിയാണ്.#മിന്നലേ അടക്കമുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ അതിനോടകം ദക്ഷിണേന്ത്യയിൽ ശ്രദ്ധേയനായി തീർന്ന ക്യാമറാമാൻ ആർ.ഡി
രാജശേഖറിന്റെ ദ്രുതചലനങ്ങളും,ആന്റണിയുടെ എഡിറ്റിങ് മികവുമാണ്‌
പ്രേക്ഷകരെ അത്രത്തോളം വിസ്മയിപ്പിച്ചത്.മിന്നൽ വേഗത്തിലുള്ള ചിത്രത്തിലെ ഷോട്ടുകൾ പ്രേക്ഷകരെ ഞെട്ടിച്ചു.ആന്റണിയുടെ എഡിറ്റിംഗ് ശൈലി ചിത്രത്തിന് സമ്മാനിച്ച വേഗം ചില്ലറയായിരുന്നില്ല.കഥ പറച്ചിലില്‍ മാന്ദ്യം അനുഭവപ്പെടാതെ,രണ്ടര മണിക്കൂര്‍ നേരം വിനോദവിരുന്നാക്കി മാറ്റാന്‍ ക്യാമറയുടെയും എഡിറ്റിംഗിന്റെയും സാധ്യതകള്‍ പരമാവധി ഉപയോഗിക്കാൻ ജയരാജ് അന്നേ ശ്രമിച്ചിരുന്നു

ഫോർ ദി പീപ്പിളിന് മുൻപ് ഒരു പക്ഷേ പുതുമുഖങ്ങൾ നായികാനായകന്മാരായ ഒരു സിനിമ,കേരളത്തെ ഇത്രമേൽ സ്വാധീനിച്ചത് അനിയത്തിപ്രാവ് മാത്രമായിരിക്കും.പുതുമുഖങ്ങള്‍ മാത്രം നായകരായി വരുന്ന ഒരു ചിത്രത്തിന് അതിന്റേതായ ചില സാധ്യതകളുണ്ട്,താരസങ്കല്പത്തിന്റെ മുന്‍വിധികളൊന്നുമില്ലാതെയാണ് പ്രേക്ഷകര്‍ അത്തരം ചിത്രങ്ങള്‍ കാണുന്നത് എന്നത് തന്നെയാണ് അക്കൂട്ടത്തിൽ പ്രധാനം.അത്തരത്തിലുള്ള സാധ്യതകള്‍ പൂര്‍ണമായും ചൂഷണം ചെയ്യാന്‍ സംവിധായകൻ ജയരാജിന് സാധിച്ചത് കൊണ്ട് കൂടിയാണ് ഫോര്‍ ദി പീപ്പിൾ എന്ന സിനിമ വലിയ വാണിജ്യവിജയം കൈവരിച്ചത്.പുതുമുഖങ്ങള്‍ക്ക് സാധ്യമാക്കാനാവുന്ന ഫ്രഷ്നസ് ഈ ചിത്രത്തിനുണ്ട് എന്നതാണ് ചിത്രത്തിന്റെ വിജയത്തിന് ഒരു കാരണം.ഗാനങ്ങളുടെ വൻ സ്വീകാര്യതയാണ് സിനിമയുടെ വലിയവിജയത്തിന് പിന്നിലെ കാരണമെന്ന് പലരും ഇപ്പോഴും കരുതുന്നുണ്ടെങ്കിലും കാമ്പുള്ള തിരക്കഥ തന്നെയാണ് ഈ സിനിമ സ്വീകരിക്കപ്പെടാനുള്ള ഏറ്റവും വലിയ കാരണമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു

വലിയ വിജയം നേടിയതിനോടൊപ്പം വിവാദങ്ങളും,സിനിമ ക്ഷണിച്ചു വരുത്തി.#ലജ്ജാവതിയേ എന്ന ഗാനത്തിന്റെ അമ്പരപ്പിക്കുന്ന ജനപ്രീതി മലയാളസിനിമാഗാനങ്ങളുടെ മൂല്യച്യുതിയെയാണ് സൂചിപ്പിക്കുന്നത് എന്ന വാദമായിരുന്നു അതിൽ പ്രധാനം.യുവാക്കളിലെ അക്രമണവാസനയെ സിനിമ വൻതോതിൽ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണമായിരുന്നു സിനിമ നേരിട്ട മറ്റൊരു പ്രധാന ആരോപണം.മലയാളത്തിലെ ചില ആക്ഷന്‍ സിനിമകളില്‍ കണ്ടിട്ടുള്ള അറപ്പും ഞെട്ടലും ഉണ്ടാക്കുന്ന വയലന്‍സൊന്നും ഈ ചിത്രത്തിലില്ല എന്നായിരുന്നു സംവിധായകൻ ജയരാജ് ഈ വാദത്തിന് നൽകിയ മറുപടി

സിനിമയുടെ അസാധാരണ വിജയം മറ്റ് ഭാഷകളിലും ആവർത്തിച്ചു.തമിഴിൽ 4 സ്റ്റുഡന്റ്‌സ് എന്ന പേരിലും തെലുങ്കിൽ യുവസേന എന്ന പേരിലും സിനിമ പുറത്തിറങ്ങി.ലജ്ജാവതിയേ എന്ന ഗാനം മലയാളത്തിൽ സൃഷ്ടിച്ച അതേ തരംഗം തമിഴിലും ആവർത്തിച്ചുവന്നതാണ് ഏറ്റവും ശ്രദ്ധേയം.#ബോയ്സ് എന്ന സിനിമയിലൂടെ തമിഴകത്ത് അതിനോടകം ശ്രദ്ധ പിടിച്ചു പറ്റിയിരുന്ന ഭരതിന്റെ സാന്നിദ്ധ്യവും ഒപ്പം #ഓട്ടോഗ്രാഫ് എന്ന സിനിമ വഴി പ്രിയങ്കരിയായ ഗോപികയുടേയും #ഗംഭീരം എന്ന ശരത് കുമാർ സിനിമ വഴി ശ്രദ്ധേയയായ പ്രണതിയുടെ സാന്നിദ്ധ്യവുമായിരുന്നു ഈ സിനിമ തമിഴിൽ ഡബ്ബ് ചെയ്ത് ഇറക്കാൻ അണിയറ പ്രവർത്തകർക്ക് പ്രചോദനമായി മാറിയത്.കാലക്രമേണ രണ്ടും മൂന്നും ഭാഗങ്ങൾ ഈ സിനിമക്ക് ഇറങ്ങിയെങ്കിലും ദുർബലമായ തിരക്കഥ മൂലം ആ സിനിമകളെല്ലാം ബോക്‌സ് ഓഫീസിൽ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്.

തെറ്റായ നിലപാടുകളോട്‌ പ്രതികരിക്കാൻ വെമ്പുന്ന സാധാരണക്കാരന്റെ ഭാവനയെ കച്ചവടകണ്ണോടുകൂടി ദൃശ്യവത്‌ക്കരിച്ച് വിജയം കൊയ്തു എന്നിടത്താണ് ഈ സിനിമ ശരിക്കും ചരിത്രമായി മാറുന്നത്