മയക്കുമരുന്നു നല്‍കി നീലച്ചിത്രം ചിത്രീകരിച്ചു; ആരോപണവുമായി മുന്‍ മിസ് ഇന്ത്യ

0

മുംബൈ: രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട നീലച്ചിത്ര വിവാദത്തിന് പിന്നാലെ ബോളിവുഡിനെ പിടിച്ചു കുലുക്കി മറ്റൊരു കേസ്. മുംബൈ ആസ്ഥാനമായ നിർമാണക്കമ്പനി തന്നെ ലഹരി നൽകി മയക്കി നീലച്ചിത്രം ഷൂട്ട് ചെയ്തു എന്ന ആരോപണവുമായി മുന്‍ വിവിഎന്‍ മിസ് ഇന്ത്യ യൂണിവേഴ്സ് പാരി പാസ്വാനാണ് രംഗത്തെത്തിയത്.

അഭിനയിക്കാൻ അവസരം തേടിയെത്തിയ തനിക്ക് ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകുകയായിരുന്നുവെന്ന് ജാര്‍ഖണ്ഡ് സ്വദേശിനിയായ ഇവർ പറയുന്നു. മയക്കത്തിലായപ്പോൾ നീലച്ചിത്രം ഷൂട്ട് ചെയ്യുകയായിരുന്നു. തുടർന്നാണ് കമ്പനിക്കെതിരെ മുംബൈ പൊലീസിൽ പരാതി നൽകിയത്. കമ്പനിയുടെ പേര് പാരി വെളിപ്പെടുത്തിയില്ല.

‘പെൺകുട്ടികളെ വലവീശിപ്പിടിച്ച് മോശം വീഡിയോകൾ ചിത്രീകരിക്കുന്ന സംഘം തന്നെ മുംബൈയിലുണ്ട്. ഞാനതിന്റെ ഇരയാണ്.’- കേസുമായി ബന്ധപ്പെട്ട് അവര്‍ പറഞ്ഞു. നേരത്തെ, ഭർത്താവ് നീരജിനെതിരെ ഇവർ പൊലീസിൽ ഗാർഹിക പീഡന പരാതിയും നൽകിയിരുന്നു. പരാതിയില്‍ നീരജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര റാക്കറ്റ് കേസുമായി അറസ്റ്റിലായപ്പോള്‍ പാരിക്കെതിരേ ആരോപണവുമായി ഭര്‍തൃകുടുംബം രംഗത്തെത്തിയിരുന്നു. പാരിക്ക് രാജ് കുന്ദ്രയുടെ റാക്കറ്റുമായി ബന്ധമുണ്ടെന്നും പെണ്‍കുട്ടികളെ കെണിയില്‍ വീഴുത്തുകയാണ് പാരിയുടെ ജോലിയെന്നും ഭര്‍തൃവീട്ടുകാര്‍ ആരോപിച്ചു.

എന്നാല്‍ സ്ത്രീധനം നല്‍കാത്തതിനാലാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നിലെന്നും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ ജാര്‍ഖണ്ഡിലെ കത്രാസ് പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പാരി പറഞ്ഞു.