പ്രവാസികള്‍ക്ക് പിഴ കൂടാതെ രാജ്യം വിട്ടുപോകാനുള്ള എക്‌സിറ്റ് പദ്ധതി ഇന്ന് അവസാനിക്കും

1

മസ്‌കറ്റ്: ആവശ്യമായ രേഖകളില്ലാതെ ഒമാനില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാന്‍ പ്രഖ്യാപിച്ച എക്‌സിറ്റ് പദ്ധതി ഇന്ന് അവസാനിക്കും. നവംബറില്‍ ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച എക്‌സിറ്റ് സ്‌കീമിന്റെ ആനുകൂല്യം ഇതിനകം 45,000 പ്രവാസികള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

നവംബര്‍ 26ന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത് മുതല്‍ തൊഴില്‍ മന്ത്രാലയത്തിന് പ്രവാസികളില്‍ നിന്ന് 45,715 അപേക്ഷകള്‍ ലഭിച്ചു. എക്‌സിറ്റ് പദ്ധതിയിലൂടെ മടങ്ങാന്‍ 3000ഓളം ഇന്ത്യക്കാര്‍ രജിസ്റ്റര്‍ ചെയ്തതായി ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.

10,000ത്തിലധികം ബംഗ്‌ളാദേശ് സ്വദേശികൾ മാൻപവർ മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഗുണഭോക്താക്കളായതായി ബംഗ്‌ളാദേശ് എംബസി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. അതേസമയം, പൊതുമാപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവസാനിക്കെ എംബസികളിലും ലേബറിലും എമിഗ്രേഷനിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

രാജ്യത്തെ അനധികൃത താമസക്കാർക്ക് പിഴയും ശിക്ഷയും കൂടാതെ നിയമവിധേയരാകാനും മാതൃരാജ്യത്തേക്ക് മടങ്ങിപ്പോകാനും അവസരമൊരുക്കിയ പൊതുമാപ്പാണ് അവസാനിക്കുന്നത്. പൊതുമാപ്പിന്റെ ആനുകൂല്യം നേടി നിരവധിപേർ ഇതിനകം രാജ്യം വിട്ടുകഴിഞ്ഞു. പലരും വരുംദിവസങ്ങളിൽ സ്വന്തം നാടുകളിലേക്ക് മടങ്ങും. കുറച്ചുപേർ രേഖകൾ ശരിയാക്കി നിയമവിധേയ താമസക്കാരായി മാറുകയും ചെയ്തിട്ടുണ്ട്. ഏകദേശം 15,000ത്തിലധികം പേർക്ക് പൊതുമാപ്പ് പ്രയോജനപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

വിരലടയാളം രേഖപ്പെടുത്തുന്നതിന് അടുത്തമാസം ഒമ്പതുവരെ അനുമതിലഭിച്ചവരുണ്ട്. നിലവിലെ സാഹചര്യത്തിൽ രജിസ്റ്റർ ചെയ്തവർക്കും രേഖകൾ ശരിയാക്കിയവർക്കും ഓഗസ്റ്റ് 15 വരെ പോകാൻ അവസരമുണ്ടാകും.