പത്തായത്തിലെ കൃഷി

0

ഭക്ഷണത്തിന്റെ ഭാവി 0002

നിങ്ങൾ വയനാട്ടിലേക്ക് ഒരു യാത്ര പോവുകയും അവിടെവച്ച് നിങ്ങൾ കഴിച്ച ചീരക്കറിക്ക് സവിശേഷമായ രുചി അനുഭവപ്പെടുകയും ചെയ്തു എന്ന് വയ്ക്കുക, അതിനുശേഷം ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ നിങ്ങൾക്ക്, വയനാട്ടിലെ ചീരക്കറി അതെ രുചിയോടെ കഴിക്കാൻ ആഗ്രഹം തോന്നുന്നു, നടക്കുമോ ?

നടക്കും, സംഗതി പത്തായത്തിനുള്ളിൽ ആണെന്ന് മാത്രം, ആരാണ് നടത്തുന്നത് എന്നറിയേണ്ടേ, ടെസ്‌ലയുടെ തലവൻ സാക്ഷാൽ എലോൺ മസ്‌ക്കിന്റെ സഹോദരൻ കിമ്പാൽ മസ്‌ക്ക്, ടോബിയാസ് പെഗ്‌സ്മായി ചേർന്ന് തുടങ്ങിയ സ്ക്വയർ റൂട്ട്സ് എന്ന കമ്പനി, ഇന്ന് അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളരുന്ന നാല് സ്റ്റാർട്ടപ്പ് കമ്പനികളിൽ ഒന്നാണ് ന്യൂയോർക്കിലെ ബ്രൂക്ലിനിൽ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരിക്കുന്ന പത്ത് കണ്ടെയ്നർനുള്ളിൽ 20 ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നത്രയും ഇലച്ചെടികൾ ആണ് വളർത്തിയെടുക്കുന്നത്, അതും കീടനാശിനികൾ ഉപയോഗിക്കാതെ. ഓരോ കണ്ടെയ്നറും പ്രതിദിനം 30 ലിറ്റർ വെള്ളം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. നമ്മൾ ഒരു നേരം കുളിക്കാൻ ഇതിനേക്കാൾ കൂടുതൽ വെള്ളം ചിലവഴിക്കുന്നവരാണ്.

സ്ക്വയർ റൂട്ട്സ് വരുമാനത്തിന്റെ 30 ശതമാനം കർഷകരുമായി പങ്കിടുന്നു. വർഷാവസാനത്തോടെ കർഷകർ 30,000 മുതൽ 40,000 ഡോളർ വരെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് പെഗ്സ് കണക്കാക്കുന്നത്. കർഷകർ തങ്ങളുടെ കണ്ടെയ്നർ ഫാമിലെ പ്രവർത്തനച്ചെലവുകളായ വെള്ളം, വൈദ്യുതി, വിത്ത്, വാടക ശമ്പളം എന്നിവ വഹിക്കുന്നു, ടോബിയാസ് പെഗ്‌സ് പറയുന്നതനുസരിച്ച് പ്രതിമാസം 1500 ഡോളർ മാത്രമാണ് ചിലവ്.

തനതായ രുചി, ചെടികളുടെ പുതുമ, ഒട്ടും നഷ്ടപ്പെടാത്ത പോഷക ഉള്ളടക്കം. എന്നിവ ഈ കൃഷിയുടെ പ്രത്യേകതകളാണ്, വെള്ളത്തിലേക്ക് പോകുന്ന പോഷക അളവ് പോലും നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയും. താപനില, കാലാവസ്ഥ, ഈർപ്പം, CO2 ലെവൽ എന്നിവയും നിയന്ത്രിക്കുന്നു; ചെടികൾ വളരുന്നതിന് നിങ്ങൾക്ക് ഒരു അന്തരീക്ഷം അക്ഷരാർത്ഥത്തിൽ പുനർനിർമ്മിക്കാൻ കഴിയും. അങ്ങനെ ഓസ്ട്രേലിയയിൽ നിർത്തിയിട്ട ഒരു കണ്ടെയ്നർ ഇതിനകത്ത് വയനാട്ടിലെ കാലാവസ്ഥാ രീതികളും മറ്റു ക്രമീകരണങ്ങളും അതേ ആനുപാതങ്ങൾ പുനഃസൃഷ്ടിച്ചു കൊണ്ട് വയനാട്ടിലെ ചീര നിങ്ങൾക്ക് ഓസ്ട്രേലിയയിൽ ഉണ്ടാക്കിയെടുക്കാൻ കഴിയും .

2016 മുതൽ തുടങ്ങിയ സ്ക്വയർ റൂട്ട്സ് ന്യൂയോർക്ക് നഗരത്തിലുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകളിൽ ഇലച്ചെടികൾ വിതരണം ചെയ്യുന്നു. യുഎസിലെ 175 റീട്ടെയിൽ ലൊക്കേഷനുകളിൽ പ്രവർത്തിക്കുന്ന ഒരു പ്രധാന ഭക്ഷ്യ വിതരണക്കാരനായ ഗോർഡൻ ഫുഡ് സർവീസുമായുള്ള പങ്കാളിത്തത്തിലൂടെ സ്ക്വയർ റൂട്ട്സ് ഉൽ‌പ്പന്നങ്ങൾ‌ ഉടൻ‌ തന്നെ വടക്കേ അമേരിക്കയിലുടനീളം ലഭ്യമാകും. അതിനായി സ്ക്വയർ റൂട്ടിന്റെ ഇൻഡോർ ഫാമുകൾ അതിന്റെ വിതരണ കേന്ദ്രങ്ങൾക്കും റീട്ടെയിൽ സ്റ്റോറുകൾക്കും സമീപം നിർമ്മിക്കാൻ കമ്പനി പദ്ധതിയിടുന്നു. ചില സംരംഭകർ ഇല കൃഷിക്ക് പുറമേ ക്യാരറ്റ്, മുള്ളങ്കി എന്നിവയും കൃഷി ചെയ്തു തുടങ്ങിയിരിക്കുന്നു, പലതരത്തിലുള്ള പരീക്ഷണങ്ങളാണ് ഈ മേഖലയിൽ നടക്കുന്നത് , കണ്ടെയ്നറുകൾ സോളാർ റൂഫിംഗ് സമീപഭാവിയിൽ നമുക്ക് കാണാം.

ഇതെല്ലാം അങ്ങ് അമേരിക്കയിൽ അല്ലേ എന്നു പറയാൻ വരട്ടെ , കഴിഞ്ഞവർഷം ലോകത്തെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലകളിൽ ഒന്നായ Carrefour അവരുടെ അബുദാബിയിലെ (My City Centre Masdar and Yas Mall) രണ്ട് ഔട്ട്‌ലെറ്റുകളിൽ ആണ് ഹൈഡ്രോപോണിക്സ് ഫാം തുടങ്ങിയിരിക്കുന്നത്. നാളെ നമ്മുടെ നാട്ടിലെ ഒരു സൂപ്പർമാർക്കറ്റിനകത്ത് ഒരു കണ്ടെയ്നറിൽ കയറി നമുക്ക് ആവശ്യമുള്ള പച്ചക്കറികൾ നാം തന്നെ തിരഞ്ഞെടുക്കുന്നത് ആലോചിച്ചുനോക്കൂ, വരാനിരിക്കുന്ന നല്ല നാളെകൾ പ്രതീക്ഷകളുടെതാവട്ടെ…

കുഴിമടിയനും,സർവോപരി അന്തർമുഖനുമായ എന്നെ എഴുതാൻ പ്രോത്സാഹിച്ച് നല്ല നിർദ്ദേശങ്ങൾ തരുന്ന Kiran Kannanഉം,
Syam Thaikkadനോട് ഉള്ള കടപ്പാടുകൾ നന്ദിയിൽ ഒതുങ്ങുന്നതല്ല, നൻമയുടെ പ്രകാശം പരത്തുന്ന ചില മനുഷ്യർ നമ്മുടെ ചുറ്റും ഉള്ളതാണ് പ്രതീക്ഷ, നല്ല നാളേക്കുള്ള പ്രതീക്ഷ ❤️