‘കല്യാണപ്പിറ്റേന്ന്’, ഭാര്യക്കൊപ്പമുള്ള ത്രോബാക്ക് ഫോട്ടോയുമായി ജി വേണുഗോപാല്‍

0

മലയാളികള്‍ എന്നും കേള്‍ക്കാൻ ആഗ്രഹിക്കുന്ന പാട്ടുകളുടെ ഗായകനാണ് ജി വേണുഗോപാല്‍. തന്റെ വ്യക്തിപരമായ വിശേഷങ്ങളും ഫോട്ടോകളും വേണുഗോപാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാറുണ്ട്. ജി വേണുഗോപാലിന്റെ പഴയ ഒരു ഫോട്ടോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ഭാര്യ രശ്‍മിക്കൊപ്പമുള്ള ഒരു അപൂര്‍വ ഫോട്ടോയാണ് വേണുഗോപാല്‍ പങ്കുവെച്ചിരിക്കുന്നത്. ‘കല്യാണപ്പിറ്റേന്ന്’ എന്നാണ് ജി വേണുഗോപാല്‍ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഗായകൻ ജി വേണുഗോപാലും രശ്‍മിയും 1990 ഏപ്രില്‍ എട്ടിന് ആണ് വിവാഹിതരാകുന്നത്. ഇരുവര്‍ക്കും രണ്ട് അരവിന്ദ്, അനുപല്ലവി എന്നീ രണ്ടു മക്കളുമുണ്ട്. അരവിന്ദ് വേണുഗോപാലും ഗായകനാണ്. ‘ഹൃദയം’ എന്ന സിനിമയ്‍ക്ക് വേണ്ടി അരവിന്ദ് വേണുഗോപാല്‍ പാടിയ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രണവ് മോഹൻലാല്‍ നായകനായ ‘ഹൃദയം’ എന്ന ചിത്രത്തില്‍ സഹസംവിധായകനുമായിരുന്നു അരവിന്ദ് വേണുഗോപാല്‍.

മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങള്‍ ജി വേണുഗോപാലിനെ തേടിയെത്തിയിട്ടുണ്ട്. ‘മൂന്നാം പക്കം’ എന്ന ചിത്രത്തിലെ ‘ഉണരുമീ ഗാന’ത്തിനായിരുന്നു ആദ്യ അവാര്‍ഡ്. ‘സസ്‍നേഹം’ എന്ന ചിത്രത്തിലെ ‘താനേ പൂവിട്ട മോഹം’ എന്ന ഗാനത്തിനും കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ‘ഉള്ളം’ എന്ന ചിത്രത്തിലെ ‘ആടടി ആടാടടി’ എന്ന ഗാനത്തിനും ജി വേണുഗോപാല്‍ മികച്ച ഗായകനായി.

മലയാളികള്‍ എന്നും കേള്‍ക്കാൻ ആഗ്രഹിക്കുന്ന ഒട്ടേറെ ഗാനങ്ങള്‍ ജി വേണുഗോപാലിന്റേതായിട്ടുണ്ട്. ‘പൂമാനമേ’ എന്ന ഒരു ഗാനം വേണുഗോപാലിനെ തുടക്കത്തില്‍ പ്രശസ്‍തിയിലേക്ക് എത്തിച്ചു. ‘ഒന്നാം രാഗം പാടി’ എന്ന ഗാനത്തിന്റെ വരികള്‍ വായിക്കുമ്പോള്‍ പോലും ജി വേണുഗോപാലിന്റെ ശബ്‍ദമാണ് ഓര്‍മ വരിക. ‘ഏതോ വാര്‍മുകില്‍’, ‘ചന്ദന മണിവാതില്‍’, ‘കാണാനഴകുള്ള മാണിക്കകുയിലേ’, ‘മായമഞ്ചലില്‍’, ‘മനസേ ശാന്തമാകൂ’ തുടങ്ങിയ ഒട്ടേറെ ഹിറ്റ് ഗാനങ്ങളാണ് ജി വേണുഗോപാലിന്റെ ശബ്‍ദത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ചത്.