മമ്മൂട്ടിയുടെ കലാസദൻ ഉല്ലാസാണ് കേന്ദ്ര കഥാപാത്രമെങ്കിലും പ്രകടനത്തിൽ പൊളിച്ചത് സിനിമയിലെ സഹതാരങ്ങളാണ്. പ്രത്യേകിച്ച് സുരേഷ് കൃഷ്ണയുടെ ശ്യാമപ്രസാദും മനോജ് കെ ജയന്റെ കലാസദൻ ടിറ്റോയും.

രമേഷ് പിഷാരടിയുടെ കോമഡി സ്‌കിറ്റുകളുടെ പിൻബലത്തിൽ ഒരു എന്റർടൈനർ എന്ന നിലയിൽ കണ്ടിരിക്കാമെങ്കിലും തിരക്കഥാപരമായി ശക്തമല്ലാത്ത ഒരു സിനിമ കൂടിയാണ് ഗാനഗന്ധർവ്വൻ.

കോമഡിയിൽ യുക്തി തിരയേണ്ടതില്ലെങ്കിലും ഉല്ലാസിന്റെ ജീവിതവുമായി ബന്ധപ്പെട്ടു ഉണ്ടാകുന്ന സംഭവ വികാസങ്ങളും വിവാദങ്ങളുമൊക്കെ അവതരണത്തിൽ പ്രേക്ഷകനെ കാര്യ കാരണങ്ങൾ സഹിതം വിശ്വസിപ്പിക്കാൻ സാധിക്കാതെ പോകുന്നുണ്ട് രമേഷ് പിഷാരടിയിലെ സംവിധായകന്.

കോമഡികൾ കൊണ്ട് സിനിമ കാണുന്നവനെ ഇടക്കിടക്ക് ചിരിപ്പിച്ചാലും തിരക്കഥയുമായി ബന്ധപ്പെട്ടുള്ള വീഴ്ചകൾ സിനിമയുടെ ആകെ ആസ്വാദനത്തെ ബാധിക്കുക തന്നെ ചെയ്യുമെന്ന് ‘പഞ്ചവർണ്ണതത്ത’ക്ക് ശേഷവും രമേഷ് പിഷാരടിക്ക് മനസ്സിലായിട്ടില്ല എന്നാണ് മനസ്സിലാകുന്നത്.

മമ്മുക്ക എന്ന നടനെ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളിയോ പ്രകടന മികവോ കൊണ്ടല്ല ഈ സിനിമയിലെ ഉല്ലാസ് ശ്രദ്ധേയമാകുന്നത്. മറിച്ച് ഈ പ്രായത്തിലും ഇത്തരം വേഷങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ മമ്മുക്കയെ പോലൊരു നടന് സാധിക്കുന്നുണ്ടല്ലോ എന്നതിലാണ്.

അഭിനയ മോഹം മൂത്ത് അധ്യാപക ജോലിയും കളഞ്ഞു മട്ടാഞ്ചേരിയിൽ ഗുണ്ടകളുടെ ജീവിതം പഠിക്കാൻ പോയ ‘ബെസ്റ്റ് ആക്റ്ററി’ലെ മോഹൻ മാഷിന്റെ നിഴൽ രൂപം ഉല്ലാസ് എന്ന കഥാപാത്രത്തിലും ചുറ്റുപാടിലും കാണാമെങ്കിലും ആ സിനിമയിലെ പോലെ എൻഗേജിങ് ആയതോ മനസ്സ് തൊടുന്നതോ ആയ ഒരു ജീവിതമോ കാഴ്ചകളോ തരാൻ ‘ഗാനഗന്ധർവ’നു സാധിക്കുന്നില്ല.

ഗാനമേളയുമായി ബന്ധപ്പെട്ടുള്ള കോമഡികളും മറ്റും രസകരമായി അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. കോമഡി മാത്രം ലക്ഷ്യം വക്കുന്നത് കൊണ്ടാകാം ഗാനമേള കലാകാരന്മാരുടെ ജീവിതങ്ങൾ അടയാളപ്പെടുത്തുന്ന സീനുകളൊന്നും വേണ്ട പോലെ അവതരിപ്പിക്കാൻ ശ്രമിച്ചത് പോലുമില്ല.

കുറച്ചു സീനുകളിൽ മാത്രം വന്നു പോകുന്ന ദേവനും സലിം കുമാറുമൊക്കെ ചിരി പടർത്തിയവരാണ്. അബു സലീമിന്റെ ചെറിയ വേഷവും നന്നായിരുന്നു.

എൺപതു കാലങ്ങൾ തൊട്ട് മലയാള സിനിമയിൽ ചെറു വേഷങ്ങളിലും വില്ലൻ വേഷങ്ങളിലുമൊക്കെ കണ്ടിരുന്ന മോഹൻ ജോസ് എന്ന നടനെ സംബന്ധിച്ചു ഈ സിനിമയിലേത് ഒരു മുഴുനീള വ്യത്യസ്ത വേഷമാണ്.

നായകൻ മമ്മൂക്കയെങ്കിലും സ്‌ക്രീനിൽ കൈയ്യടി വാങ്ങി കൂട്ടുന്നത് സുരേഷ് കൃഷ്ണയും മനോജ് കെ ജയനുമൊക്കെയാണ്. ശരിക്കും പ്രകടനത്തിന്റെ കാര്യത്തിൽ ഗാനഗന്ധർവ്വൻ നല്ലൊരു ബ്രേക്ക് നൽകുന്നത് അവർക്ക് രണ്ടു പേർക്കുമാണ്. മറ്റൊരർത്ഥത്തിൽ ആ രണ്ടു കഥാപാത്രങ്ങളും തന്നെയാണ് ഗാനഗന്ധർവനെ കണ്ടിരിക്കാവുന്ന എന്റർടൈനർ ആക്കി മാറ്റുന്നതും.