വിശാഖപട്ടണത്ത് കെമിക്കൽ പ്ലാന്റിൽ വാതക ചോർച്ച; 3 പേർ മരിച്ചു

0

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടത്ത് രാസ നിര്‍മാണഫാക്ടറിയില്‍ ഉണ്ടായ വിഷവാതകചോര്‍ച്ചയെ തുടര്‍ന്ന് ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ആർ.ആർ വെങ്കിടാപുരത്തെ എല്‍ജി പോളിമെര്‍ ഫാക്ടറിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാതകചോര്‍ച്ച ഉണ്ടായത്.

ശ്വസിക്കാൻ ബുദ്ധിമുട്ടിയ ജനങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോധം നഷ്ടപ്പെട്ട് പലരും തെരുവിൽ കിടക്കുകയാണ്. ചോർച്ച അടച്ചു. സ്റ്റൈറീൻ വാതകമാണ് ഫാക്ടറിയിൽനിന്ന് ചോർന്നത്. ഫാക്ടറിയുടെ അഞ്ചുകിലോമീറ്റര്‍ പരിധിയില്‍ വിഷവാതകം ചോര്‍ന്നതായി സൂചനയുണ്ട്. ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമീപത്തെ 20ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്.

പൊലീസ് വീടുകളുടെ പൂട്ടുപൊളിച്ച് അകത്തു കടന്നു പരിശോധന നടത്തുന്നുണ്ട്. ഫാക്ടറിയുടെ സമീപത്തായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനിയുള്ളതും ആശങ്ക വർധിപ്പിക്കുന്നു. 5 ഓളം പേർ ആശുപത്രിയിലുണ്ടെന്നാണു വിവരം. ഗോപാലപട്ടണത്തിനു സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളെ സംഭവം ബാധിച്ചിട്ടുണ്ട്. അടച്ചിട്ട ഫാക്ടറി ഇന്നലെയാണ് വീണ്ടും തുറന്നത്.