ജയലളിതയുടെ മരണത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് ഗൗതമിയുടെ കത്ത്

0

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് നടി ഗൗതമി.തന്റെ  ബ്ലോഗിലൂടെയാണ് ഇക്കാര്യം അവർ വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുള്ള കത്തിന്റെ മാതൃകയിലാണ് ബ്ലോഗ് തയ്യറാക്കിയിരിക്കുന്നത്.

ജയലളിതയുടെ ചികിത്സയും മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതലുളള ചികിത്സ, രോഗം കുറഞ്ഞതായി പുറത്തുവന്ന വാര്‍ത്തകള്‍, ഉടനടി ഉണ്ടായ മരണം ഇത്തരം സാഹചര്യങ്ങള്‍ സംശയാസ്പദമാണെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവെച്ചിരുന്നെന്നുമാണ് ഗൗതമി കത്തില്‍ വ്യക്തമാക്കുന്നത്. 75 ദിവസം നീണ്ട ആശുപത്രിവാസത്തിനിടയിൽ ജയയുടെ ആരോഗ്യത്തെക്കുറിച്ചു പുറത്തുവന്ന ഔദ്യോഗികമായ വിവരങ്ങൾ അപ്പോളോ ആശുപത്രി വല്ലപ്പോഴും പുറത്തിറക്കുന്ന മെഡിക്കൽ ബുള്ളറ്റിനുകളായിരുന്നു. മാത്രമല്ല, ആശുപത്രിയിൽ ജയയെ കാണാൻ ആരെയും അനുവദിച്ചിരുന്നുമില്ല. ജയലളിതയുടെ രോഗവും ആശുപത്രിവാസവും രോഗശാന്തിയും തുടർന്നുണ്ടായ മരണവും സംശയത്തിലേക്ക് വഴി വയ്ക്കുന്നതായാണ് ഗൗതമിയുടെ അഭിപ്രായം. എല്ലാത്തിലും രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ചതിനാലാണ് ഇത്തരത്തിൽ സംശയവുമായി താരം എത്തിയത്.

തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയും ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട നേതാവുമായ അവരുടെ കാര്യങ്ങള്‍ എന്തിനാണ് ഇത്രയധികം രഹസ്യ സ്വഭാവത്തോടെ സൂക്ഷിച്ചത് ഇതിന് പിന്നില്‍ ആരെങ്കിലുമുണ്ടോ തമിഴ്ജനതയ്ക്കിടയില്‍ ഇത്തരം ചോദ്യങ്ങളുണ്ട്. ഇതറിയാന്‍ അവരെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതുകൊണ്ട് തന്നെ ഇതൊന്നും ചോദ്യം ചെയ്യപ്പെടാതെ പോകരുത്. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നടപടി എടുക്കുമെന്നാണ് കരുതുന്നതെന്നും ഗൗതമി ബ്ലോഗില്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.