മാറ്റം അത് അനിവാര്യമാണ്: ബാലുശേരി സ്കൂളിൽ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം

0

ബാലുശ്ശേരി: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കി കോഴിക്കോട് ബാലുശേരി ഗവ. ഹയര്‍ സെക്കൻഡറി സ്കൂൾ. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളായതിന്റെ ആവേശത്തിലാണ് ബാലുശേരി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളും ഇവിടത്തെ കുട്ടികളും.

ബാലുശ്ശേരി ഹയർ സെക്കന്ററി സ്കൂളിനെതിരെ പ്രതിഷേധം ശക്തമാക്കി എംഎസ്എഫ് അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു. എന്നാൽ ബാലുശേരി സ്കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാന്‍ തീരുമാനിച്ചത് സ്കൂൾ പിടിഎയും തദ്ദേശസ്ഥാപനവും ചേര്‍ന്നാണെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. സമൂഹം മാറുന്നതിനനുസരിച്ച് വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങള്‍ അനിവാര്യമാണ്. ഇതേക്കുറിച്ച് അനാവശ്യ വിവാദം ഉണ്ടാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

ചുരിദാറും ഓവര്‍കോട്ടുമെന്ന പഴയ യൂണിഫോമിനെക്കാള്‍ സൗകര്യപ്രദമാണ് പുതിയ വേഷമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സംസ്ഥാനത്ത് ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകളെക്കുറിച്ചുള്ള ചര്‍ച്ച സജീവമായഘട്ടത്തിലാണ് പി.ടി.എ. ഇത്തരമൊരു തീരുമാനമെടുത്തത്. രക്ഷിതാക്കളുടെയും കുട്ടികളുടെയും അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചുള്ള നിര്‍ദേശങ്ങളാണ് നല്‍കിയതെന്ന് പ്രിന്‍സിപ്പല്‍ ആര്‍. ഇന്ദു പറഞ്ഞു. ഫുള്‍ക്കൈ താത്പര്യമുള്ളവര്‍ക്കും ഓവര്‍കോട്ട് വേണ്ടവര്‍ക്കും അതിന് അനുവാദം നല്‍കിയിട്ടുണ്ട്. ശരീരം ഇറുകിയുള്ള തയ്യല്‍ ഒഴിവാക്കാനും നിര്‍ദേശിച്ചു. ഷാളും മഫ്തയുമടക്കമുള്ള മതപരമായ വേഷങ്ങള്‍ക്കും അനുവാദമുണ്ട്.