ഗിരീഷ് കര്‍ണാട് അന്തരിച്ചു

0

ബെംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവും നാടകകൃത്തും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട് (81 അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബംഗലൂരുവിലെ വീട്ടിൽ രാവിലെ ആറരയോടെയായിരുന്നു അന്ത്യം.

1974-ല്‍ പദ്മശ്രീയും 1992-ല്‍ പദ്മഭൂഷണും നല്‍കി രാജ്യം കര്‍ണാടിനെ ആദരിച്ചു. ദേശീയ പുരസ്‌കാരം നേടിയ സംസ്‌കാര(1970) എന്ന കന്നട ചലച്ചിത്രത്തിന്റെ സംവിധായകനാണ്. ആധുനിക ഇന്ത്യൻ സാഹിത്യത്തിനും സിനിമയ്ക്കും നാടകമേഖലയിലും അതുല്യമായ സംഭാവനകൾ നൽകിയ വ്യക്തിത്വം കൂടിയായിരുന്ന ഗിരീഷ് കര്‍ണാട് കന്നട സാംസ്കാരിക മേഖലയിൽ മാത്രമല്ല ഇന്ത്യൻ സാംസ്കാരിക രംഗത്തും സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയ ബഹുമുഖ പ്രതിഭ കൂടിയായിരുന്നു.

കന്നടയില്‍ എഴുതിയ ആദ്യത്തെ നാടകം യയാതിയും ഹയവദനയും രാജ്യാന്തര ശ്രദ്ധനേടി. തുഗ്ലക്ക് ഏറ്റവും പ്രധാനപ്പെട്ട രചനയായി അറിയപ്പെടുന്നു. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ നിരവധി ബഹുമതികളും ഗിരിഷ് കര്‍ണാടിനെ തേടിയെത്തി. ദ് പ്രിന്‍സ്, നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ രണ്ടു മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറും ഫുൾ ബ്രൈറ്റ് സ്‌കോളറുമായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.1938 മെയ് 19ന് മഹാരാഷ്ട്രയിലെ മാതേണിലാണ് ജനിച്ചത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് റോഡ്സ് സ്‌കോളര്‍ഷിപ്പിനോടൊപ്പം തത്ത്വശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.