പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ വീട്ടില്‍ കയറി യുവാവ് തീകൊളുത്തി കൊന്നു

0

ചിയാരത്ത്: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ വീട്ടില്‍ കയറി യുവാവ് തീകൊളുത്തി കൊന്നു. ചിയാരം സ്വദേശി നീതു (22) ആണ് മരിച്ചത്. കൃത്യം നടത്തിയ വടക്കേകാട്‌ സ്വദേശി നിതീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.

കൊടകര ആക്സിസ് എൻജിനീയറിങ് കോളജ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ട നീതു. ഇന്ന് രാവിലെ ഏഴിനും ഏഴരയ്ക്കും ഇടയിലാണ് കൃത്യം നടന്നത്. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മരിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. നിതീഷ് വീട്ടിൽ അതിക്രമിച്ച് കടന്നതാകാനാണ് സാധ്യതയെന്നു കരുതുന്നു.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് സൂചന. നിതീഷ് കുറെ നാളായി പെണ്‍കുട്ടിയുടെ പിറകെ നടന്ന് ശല്യം ചെയ്തിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.

കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് തിരുവല്ലയിൽ സമാനമായ മറ്റൊരു സംഭവം നടന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ നടുറോഡിൽ യുവാവ് സഹപാഠിയെ തീകൊളുത്തുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ തിരുവല്ല സ്വദേശിനി കവിത ഇക്കഴിഞ്ഞ മാർച്ച് 20ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.