മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ്

1

മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവും വിഖ്യാത സാമ്പത്തിക വിദഗ്ധയും യുഎസിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഗീത ഗോപിനാഥിനെ ഐഎംഎഫ് (ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട്) ചീഫ് എക്കണോമിസ്റ്റ് ആയി നിയമിച്ചു.

കണ്ണൂര്‍ സ്വദേശിയായ ഗീത ഗോപിനാഥ് നിലവില്‍ യുഎസ് പൗരയാണ്. ഡിസംബറില്‍ വിരമിക്കാനിരിക്കുന്ന മൗറി ഒബ്സ്റ്റ്‌ഫെല്‍ഡിന് പകരമാണ് ഗീത ഗോപിനാഥിനെ ചീഫ് എക്കണോമിസ്റ്റ് ആയി നിയമിക്കുന്നത്. ഐഎംഎഫ് ട്വീറ്റിലൂടെയാണ് ഗീതയുടെ നിയമനം അറിയിച്ചത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആന്‍ഡ് എക്കണോമിക്‌സില്‍ പ്രൊഫസറാണ് ഗീത ഗോപിനാഥ്.

ഇന്റര്‍നാഷണല്‍ ഫിനാന്‍സിലും മാക്രോ എക്കണോമിക്‌സിലും ഗവേഷണം കേന്ദ്രീകരിച്ചിട്ടുള്ള ഗീത ഗോപിനാഥ് നിയോലിബറല്‍ സാമ്പത്തിക നയങ്ങളുടെ ശക്തയായ വക്താവാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്ന നോട്ട് നിരോധനത്തില്‍ ആദ്യം വ്യക്തമായ അഭിപ്രായം പ്രകടിപ്പിക്കാതിരുന്ന ഗീത ഗോപിനാഥ് പിന്നീട് നോട്ട് നിരോധനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎ എക്കണോമിക്‌സ് ബിരുദവും ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്ന് എംഎ എക്കണോമിക്‌സും പൂര്‍ത്തിയാക്കിയ ശേഷം പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ചെയ്തു. യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണില്‍ നിന്നും എംഎ ബിരുദം നേടിയിട്ടുണ്ട്. ധന മന്ത്രാലയത്തിന് വേണ്ടി ജി 20 കാര്യങ്ങളില്‍ എമിനന്റ് പേഴ്‌സണ്‍സ് അഡൈ്വസറി ഗ്രൂപ്പ് അംഗമായി പ്രവര്‍ത്തിച്ചു. ഹാര്‍വാര്‍ഡില്‍ അധ്യാപികയാവുന്നതിന് മുമ്പ് ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ അസി.പ്രൊഫസറായി. 2011ല്‍ ലോക സാമ്പത്തിക ഫോറം യങ് ഗ്ലോബല്‍ ലീഡര്‍ ആയി ഗീത ഗോപിനാഥിനെ തിരഞ്ഞെടുത്തു. 2014ല്‍ ലോകത്തെ ഏറ്റവും മികച്ച 25 സാമ്പത്തിക വിദഗ്ധരില്‍ ഒരാളായ ഗീത ഗോപിനാഥിനെ ഐഎംഎഫ് തിരഞ്ഞെടുത്തു.