ബവ് ക്യൂ’ ആപ്പിന് ഗൂഗിളിന്റെ അംഗീകാരം; മദ്യ വിതരണം ഈ ആഴ്ച തന്നെ ആരംഭിച്ചേക്കും

0

തിരുവനന്തപുരം ∙ മദ്യവിതരണത്തിനുള്ള ബവ്കോയുടെ ‘ബവ് ക്യൂ’ ആപ്പിന് ഗൂഗിളിന്റെ അംഗീകാരം. ആപ്പിന്റെ ബീറ്റ വേർഷന് അനുമതി ലഭിച്ചതായി കമ്പനി അധികൃതർ അറിയിച്ചു. നാളെയോ മറ്റന്നാളോ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. ആപ്പിന് അനുമതി ലഭിച്ചതോടെ ഈ ആഴ്ച തന്നെ മദ്യ വിതരണവും ആരംഭിക്കും.

ട്രയലുകൾക്കുശേഷം മദ്യവിതരണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ഇന്ന് 11 മണിക്ക് സെക്രട്ടറിമാരുടെ യോഗത്തിനുശേഷം മദ്യശാലകൾ തുറക്കുന്ന തീയതി ബവ്കോ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ആപ്പിന്റെ ഉപയോഗ രീതി സംബന്ധിച്ച് ഉപഭോക്താക്കൾക്കായി മാർഗനിർദേശങ്ങളും പുറത്തിറക്കും.

പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും മൊബൈൽ ആപ് ലഭ്യമാക്കും. ഇതിനു പുറമേ സാധാരണ ഫോണുകളിൽനിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. പേരും ഫോൺ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിൻകോഡ്, ലൊക്കേഷൻ എന്നിവയിലേതെങ്കിലും) നൽകിയാണ് ബുക്ക് ചെയ്യേണ്ടത്. വ്യക്തിവിവരങ്ങൾ ചോദിക്കില്ല.

ആപ് വഴി മദ്യത്തിന്റെ ബ്രാൻഡ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കാനാകില്ല. ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കൺ നമ്പർ അതിൽ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തിൽ ഹാജരാക്കണം. അവിടെ ബ്രാൻഡ് തിരഞ്ഞെടുത്ത് പണം അടയ്ക്കാം. ഒരു തവണ ബുക്ക് ചെയ്താൽ 4 ദിവസം കഴിഞ്ഞേ വീണ്ടും മദ്യം ബുക്ക് ചെയ്യാനാകൂ. പരമാവധി 3 ലീറ്റർ മദ്യം വാങ്ങാം. പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും വിപണനം.