ഗൂഗിള്‍ ഫോട്ടോസ്‌കാന്‍ വരുന്നു; ഇനി പഴയ ഫോട്ടോകളെ ക്ലാരിറ്റിയോടെ വീണ്ടെടുക്കാം

0

പഴയ ഫോട്ടോകള്‍ സൂക്ഷിച്ചു വെയ്ക്കുന്നത് നമ്മുടെ എല്ലാം വിനോദം ആണ്. മൊബൈല്‍ ക്യാമറയും ,ഡിജിറ്റ്ല്‍ ക്യാമറയും എല്ലാം വരും മുന്പ് എടുത്ത ചിത്രങ്ങള്‍ ആല്‍ബത്തില്‍ ഒന്ന് മറിച്ചു നോക്കുമ്പോള്‍ കിട്ടുന്ന നൊസ്റ്റാള്‍ജിയ ഒന്ന് വേറെ തന്നെ .

പഴയ ആല്‍ബത്തില്‍ സൂക്ഷിച്ച ചിത്രങ്ങള്‍ നിറം മങ്ങുകയോ മറ്റോ ചെയ്‌താല്‍ സാധാരണ സ്റ്റുഡിയോയില്‍ കൊടുത്ത് ശരിയാക്കി എടുക്കുകയാണ് പതിവ്.എന്നാല്‍ ഇനി പഴയ ആല്‍ബം ചിത്രങ്ങളെ വീണ്ടെടുക്കാന്‍ സ്റ്റുഡിയോകളില്‍ പോകേണ്ടതില്ല. ഗൂഗിള്‍ പുതുതായി അവതരിപ്പിച്ച ഗൂഗിള്‍ ഫോട്ടോസ്‌കാന്‍ ആപ്പ് മുഖേന, ഇനി ഏത് സ്ഥിതിയിലുള്ള ഫോട്ടോകളും ക്ലാരിറ്റി വീണ്ടെടുത്ത് ഡിജിറ്റല്‍വത്ക്കരിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.

ഫോട്ടോകളുടെ ചിത്രങ്ങള്‍ എടുക്കാന്‍ മാത്രം എന്തിനാണ് ഫോട്ടോസ്‌കാന്‍ എന്ന ആപ്പിനെ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന ചോദ്യം ഉയരാം.ശരാശരി ഉപയോക്താവ് പഴയ ഫോട്ടോകളെ ക്ലിക്ക് ചെയ്താല്‍ ചിത്രം ശരിയായ രീതിയില്‍ വീണ്ടെടുക്കപ്പെടണമെന്നില്ല.പഴയ ഫോട്ടോകളെ വീണ്ടെടുക്കണമെങ്കില്‍ ലൈറ്റിങ്ങ്, ഗ്ലെയറിങ്ങ് മുതലായ ഘടകങ്ങള്‍ നിര്‍ണായകമാണ്. ഇവിടെയാണ് ഗൂഗിള്‍ ഫോട്ടോസ്‌കാനിന് പ്രസക്തി ലഭിക്കുന്നത്.

ഫോട്ടോസ്‌കാന്‍ എന്ന ആശയം വളരെ സിമ്പിളായാണ് ഗൂഗിള്‍ അവതരിപ്പിച്ചിട്ടുള്ളത്. ഒറ്റ ക്ലിക്കില്‍ നാല് ചിത്രങ്ങളാണ് ഫോട്ടോസ്‌കാനില്‍ എടുക്കുക.തുടര്‍ന്ന് ഈ നാല് ചിത്രങ്ങളും സംയോജിപ്പിച്ചാണ് ഗൂഗിള്‍ ഫോട്ടോസ്‌കാന്‍ പ്രവര്‍ത്തിക്കുക.ഒപ്പം, ലഭിച്ച ഫോട്ടോയിന്മേല്‍, ചില്ലറ പരീക്ഷണങ്ങളും ഗൂഗിള്‍ നടത്തും. മങ്ങിയ ഭാഗങ്ങളില്‍ അതത് നിറം നല്‍കും, ഫോട്ടോയുടെ മൂലകള്‍ ഒടിഞ്ഞതായാണ് ചിത്രത്തില്‍ ലഭിക്കുന്നതെങ്കില്‍ അത് ശരിയാക്കും എന്നിങ്ങനെയുള്ള ഒരുപിടി സൂത്രപ്പണികളും ഫോട്ടോസ്‌കാനിലൂടെ ഗൂഗിള്‍ നടത്തും.ഓട്ടോ എന്‍ഹാന്‍സ്, യുണീക്ക് ന്യൂ ലുക്ക്, അഡ്വാന്‍സ്ഡ് എഡിറ്റിങ്ങ് ടൂള്‍ എന്നിങ്ങനെയുള്ള മൂന്ന് വിധത്തിലാണ് ഫോട്ടോസ്‌കാനിനെ ഉപയോഗിക്കാന്‍ സാധിക്കുക.ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ഗൂഗിള്‍ ഫോട്ടോസ്‌കാന്‍ ലഭ്യമാണ്.