നിങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യരുതെന്ന് പലരും മുന്നറിയിപ്പ് നല്‍കിയിട്ടും ഞാന്‍ നിങ്ങളെ വിശ്വസിച്ചു; ഇനി ഇങ്ങനെ ആരോടും ചെയ്യരുത് സാര്‍; ഗൗതം വാസുദേവ മേനോനെതിരെ കാര്‍ത്തിക് നരേന്‍ രംഗത്ത്

0

ധ്രുവങ്ങള്‍ പതിനാറ് എന്ന സിനിമയിലൂടെ തെന്നിന്ത്യമുഴുവൻ ശ്രദ്ധനേടിയ യുവസംവിധായകന്‍ കാര്‍ത്തിക് നരേന്‍ സംവിധായകന്‍ ഗൗതം വാസുദേവ മേനോനെതിരെ രംഗത്ത്. നിര്‍മ്മാതാവ് ഗൗതം മേനോനില്‍ നിന്ന് ചതി നേരിട്ടെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് കാര്‍ത്തിക്.

തന്റെ പുതിയ ചിത്രമായ നരകാസുരൻ റിലീസ് പ്രതിസന്ധിയിലായെന്നും നിർമാതാവായ ഗൗതം മേനോൻ വഞ്ചിച്ചെന്നുമാണ് കാർത്തിക് പറയുന്നത്. ഗൗതം മേനോന്റെ നിര്‍മാണ കമ്പനി ഒന്‍ട്രാഡ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിർമാണം.

ഗൗതം മേനോന്‍ ചിത്രത്തിനായി പണം നല്‍കുന്നില്ലെന്നും ഇത് കാര്‍ത്തികിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാർത്തിക്കിന്റെ ട്വീറ്റ് ആണ് വിവാദങ്ങൾക്ക് തുടക്കമായത്.നരകാസുരനു വേണ്ടി ചിലരുടെ കയ്യില്‍ നിന്ന് കാര്‍ത്തിക് റെഡിയാക്കി വെച്ചിരുന്ന പണം വാങ്ങി ഗൗതം മേനോന്‍ ‘എന്നെ നോക്കി പായും തോട്ടൈ’, ധ്രുവനച്ചത്രങ്ങള്‍ തുടങ്ങിയ സ്വന്തം സിനിമയ്ക്കായി ഉപയോഗിക്കുകയും ചെയ്തു. ഇത് കാര്‍ത്തികിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതോടെയാണ് താന്‍ നേരിടുന്ന വെല്ലുവിളികള്‍ തുറന്നു പറയുകയും ഇനി ഇങ്ങനെ ആരോടും ചെയ്യരുതെന്ന് യുവസംവിധായകന്‍ അപേക്ഷിക്കുകയും ചെയ്തത്.’ചില സമയത്ത് അസ്ഥാനത്തെ വിശ്വാസം നിങ്ങളെ കൊല്ലും. ഒരു കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോള്‍ നിങ്ങള്‍ പലതവണ ചിന്തിക്കണം. ചെയ്യാത്ത കുറ്റത്തിന് നമ്മുടെ സ്വപ്നങ്ങള്‍ കൊലചെയ്യപ്പെടുന്നതാണ് അവസാനം കാണേണ്ടി വരുന്നത്’ കാര്‍ത്തിക് ട്വീറ്റ് ചെയ്തു.

പിന്നാലെ മറുപടിയുമായി ഗൗതം മേനോനുമെത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഒരുകൂട്ടം ചെറുപ്പക്കാരിറക്കിയ വീഡിയോ ഷെയര്‍ ചെയ്തു കൊണ്ടായിരുന്നു മറുപടി. ‘ഒരു കൂട്ട്‌കെട്ട് ഉണ്ടാക്കിയെടുക്കുന്നതിന് പകരം ചില യുവസംവിധായകര്‍ തന്റെ സ്വപ്നങ്ങള്‍ കശാപ്പ് ചെയ്യപ്പെട്ടെന്ന് പരിതപിക്കുകയാണ്, പക്ഷേ ഇതാ ഒരു കൂട്ടം ചെറുപ്പക്കാരുടെ അധ്വാനത്തിലുള്ള വീഡിയോ’ എന്ന് ഗൗതം കുറിച്ചു.

ഇതോടെ കാര്യങ്ങള്‍ക്ക് കുറച്ചു കൂടി വ്യക്തതയുള്ള മറുപടി കാര്‍ത്തിക് നല്‍കി. ‘നിങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യരുതെന്ന് പലരും മുന്നറിയിപ്പ് നല്‍കിയിട്ടും ഞാന്‍ നിങ്ങളെ വിശ്വസിച്ചു, ഒപ്പം ജോലി ചെയ്തു. പക്ഷേ തിരികെ കിട്ടിയത് നിഷേധവും അവഗണനയും മാത്രം. പേടിച്ചോടുന്നതിലും നല്ലത് വേദന തുറന്നു പറയുന്നതാണ് നല്ലതെന്ന് തോന്നി. ഇനി ഇങ്ങനെ ആരോടും ചെയ്യരുത് സാര്‍, അത് വളരേയെറെ വേദനിപ്പിക്കുന്നതാണ്’ കാര്‍ത്തിക് പറഞ്ഞു.

ഗൗതം മേനോന്റെ നിർമാണകമ്പനിക്കെതിരെ ഇതിന് മുമ്പും വലിയ രീതിയിലുള്ള വിവാദങ്ങൾ വന്നിട്ടുണ്ട്. മാത്രമല്ല അദ്ദേഹം നിർമാണത്തിനെടുത്ത പല ചിത്രങ്ങളും ഇപ്പോഴും പെട്ടിയിലാണ്. ഷൂട്ടിങ് മുഴുവൻ പൂർത്തിയായ രാജതന്ത്രം 2, നെജം മറപ്പതില്ലെ എന്ന ചിത്രങ്ങളുടെ റിലീസിന്റെ കാര്യത്തിൽ ഒരുതീരുമാനവും ഉണ്ടായിട്ടില്ല.കൂടാതെ ഗൗതം മേനോൻ തന്നെ നിർമാണവും സംവിധാനവും നിർവഹിക്കുന്ന ധ്രുവനച്ചത്തിരം, എന്നെ നോക്കിപായും തോട്ട എന്നീ സിനിമകൾ ഇപ്പോഴും പാതിവഴിയിലാണ്.