എയർ ഇന്ത്യയുടെ 100% ഓഹരിയും വിൽക്കും; ആരും വാങ്ങിയില്ലെങ്കിൽ അടച്ചു പൂട്ടും: കേന്ദ്രം

0

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കനത്ത സാമ്പത്തിക ബാധ്യതയാണ് കമ്പനിക്കെന്നും സ്വകാര്യവത്കരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും സര്‍ക്കാര്‍ പറയുന്നു.

തിങ്കളാഴ്ചയാണ് ഓഹരി വിൽക്കുന്നതിന് താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് ഔദ്യോഗിക വൃത്തങ്ങൾ രംഗത്തെത്തിയത്. നേരത്തെ ഓഹരി വിഷക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.

2018ൽ 76 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാൽ ആരും താത്പര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുടർന്ന് പിന്തിരിയുകയായിരുന്നു. ഇത്തവണയും ആരും ഓഹരികൾ വാങ്ങാൻ മുന്നോട്ടുവന്നില്ലെങ്കിൽ എയർ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഓഹരി വില്‍പന സംബന്ധിച്ച് എയര്‍ ഇന്ത്യ താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. 2020 മാര്‍ച്ച് 17 വരെയാണ് താത്പര്യപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി. കമ്പനിയുടെ 326 കോടി ഡോളര്‍ ( ഏകദേശം 23,000 കോടി രൂപ) വരുന്ന കടവും മറ്റ് ബാധ്യതകളും പൂര്‍ണമായും ഓഹരി വാങ്ങുന്നവര്‍ ഏറ്റെടുക്കണം.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോയും അബുദാബി ആസ്ഥാനമായ ഇത്തിഹാദും എയര്‍ ഇന്ത്യ വാങ്ങാന്‍ നേരത്തെ കേന്ദ്രസര്‍ക്കാരുമായി ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. നിരവധി പൊതുമേഖലാ സ്ഥാപങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിനു പുറമെയാണ് വിറ്റൊഴിക്കല്‍ നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്.

ഓഹരികൾ വാങ്ങുന്നവർ എയർ ഇന്ത്യയുടെ നിലവിലെ കടങ്ങളും ബാദ്ധ്യതകളും ഏറ്റെടുക്കണ്ടിവരും. ഏകദേശം 3.26 ബില്യൺ ഡോളറാണ് ( ഏകദേശം 23000 കോടി)​ എയർ ഇന്ത്യയുടെ കടം. മറ്റ് ബാദ്ധ്യതകൾ വേറെയുമുണ്ട്. ഗണ്യമായ ഉടമസ്ഥാവകാശവും ഫലപ്രദമായ നിയന്ത്രണമുള്ളവർ എയർ ഇന്ത്യയെ ഏറ്റെടുത്താൽ കമ്പനിയ്ക്ക് രാജ്യത്ത് തുടരാനാവുമെന്ന് അധികൃതർ പറയുന്നു. പ്രതിദിനം 26 കോടി രൂപയാണ് എയർ ഇന്ത്യയുടെ നഷ്ടം.

വിദേശ കമ്പനികളാണ് വാങ്ങാന്‍ താത്പര്യപ്പെടുന്നതെങ്കിലും വിദേശകമ്പനികള്‍ക്ക് പൂര്‍ണമായും ഓഹരികള്‍ വാങ്ങുന്നതിന് നിയന്ത്രണമുണ്ട്. വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ പങ്കാളിയുമായി ചേര്‍ന്ന് മാത്രമേ എയര്‍ ഇന്ത്യയെ വാങ്ങാന്‍ സാധിക്കു. എന്നാല്‍ എയര്‍ ഇന്ത്യയുടെ നിര്‍ണായക ഓഹരികള്‍ ഇന്ത്യന്‍ കമ്പനിയുടെ പക്കലായിരിക്കണമെന്നും വ്യവസ്ഥയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. .