സിംഗപ്പൂര്‍ മലയാളികള്‍ക്ക് അഭിമാനിക്കുവാനും സന്തോഷിക്കുവാനും ലൂണാര്‍ പുതുവത്സരസമ്മാനമായി ഒരു സന്തോഷവാര്‍ത്ത. സിംഗപ്പൂര്‍ മലയാളികളുടെ സ്വന്തം സിനിമയായ “ഗ്രഹണം” ഈ വരുന്ന പന്ത്രണ്ടാം തീയതി വെള്ളിത്തിരയില്‍ സിംഗപ്പൂരില്‍ ആദ്യപ്രദര്‍ശനത്തിന് എത്തുന്നു. ശ്രീനന്ദ്യ പ്രൊഡക്ഷന്‍സ്ന്‍റെ ബാനറില്‍ ആനന്ദ്‌ പാഗ സംവിധാനം ചെയ്ത ഗ്രഹണം നിര്‍മ്മിച്ചിരിക്കുന്നത് ദേവിക ശിവനും ആനന്ദ്‌ പാഗയും ചേര്‍ന്നാണ്.

ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന ഗ്രഹണം സ്നേഹത്തിന്റെയും വഞ്ചനയുടെയും സസ്പന്‍സ്ന്‍റെയും വികാരതീവ്രമായ രംഗങ്ങളിലൂടെ മുന്നോട്ട് പോകുകയാണ്. ഒട്ടുമിക്ക സീനുകളും സിംഗപ്പൂരില്‍ വെച്ചുതന്നെയാണ് ചിത്രീകരണം നടത്തിയിട്ടുള്ളത് എന്നതിനാല്‍ രാജ് വിമല്‍ ദേവ് ഒപ്പിയെടുത്ത സിംഗപ്പൂരിന്‍റെ വശ്യസുന്ദരമായ കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക്‌ ഒരു പുതിയ ദൃശ്യാനുഭവം ആയിരിക്കും.

ഗ്രഹണത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത്‌ സിംഗപ്പൂരിലെ കലാരംഗത്ത്‌ സ്ഥിരസാന്നിദ്ധ്യങ്ങളായ ജിബു ജോര്‍ജ്ജും ദേവിക ശിവനും ആണ്. മലയാളസിനിമയിലെ പ്രശസ്ത അഭിനേതാക്കളായ സുധീര്‍ കരമന, വിജയ്‌ മേനോന്‍ എന്നിവര്‍ക്കൊപ്പം സിംഗപ്പൂരിലെ അഭിനേതാക്കളായ ജയറാം നായര്‍, ബിനൂപ് നായര്‍, സൂരജ് ജയരാമന്‍, ആന്‍ സൂരജ്, നന്നിത മേനോന്‍ തുടങ്ങിയവരും ഗ്രഹണത്തില്‍ വേഷമിടുന്നുണ്ട്.

പ്രശസ്തരായ വിനീത് ശ്രീനിവാസന്‍, കെ എസ് ഹരിശങ്കര്‍ എന്നിവര്‍ ആലപിച്ച ആനന്ദ് കുമാര്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഗ്രഹണത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചുകഴിഞ്ഞു. നാഷണല്‍ അവാര്‍ഡ്‌ ജേതാവായ എം ആര്‍ രാജകൃഷ്ണന്‍ ചിത്രത്തിന്‍റെ ഓഡിയോഗ്രാഫിയും അജ്മല്‍ സാബു എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

ഗ്രഹണത്തിലെ പാട്ടുകള്‍, ടീസര്‍, പോസ്റ്റര്‍ എന്നിവ സിനിമ മേഖലയിലെ പ്രശസ്തരായ ഫഹദ് ഫാസില്‍, ടൊവിനോ തോമസ്‌, അസിഫ് അലി, സണ്ണി വെയിന്‍, അനു സിത്താര, അപര്‍ണ ബാലമുരളി, അഹാന കൃഷ്ണ, മിയ, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്‌ എന്നിവര്‍ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

“ഓര്‍ക്കിഡ് ഫിലിംസ്” ആണ് ഗ്രഹണം സിംഗപ്പൂരില്‍ തീയറ്ററുകളില്‍ എത്തിക്കുന്നത്. സിനിമയുടെ ഓണ്‍ ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു

Show Timings:
Feb 12th Fri 5:30 PM
Feb 13th Sat 2:45 PM, 5:30 PM
Feb 14th Sun 3:00 PM
IMDA Rating : NC16

Book tickets online: www.carnivalcinemas.sg

Trailer: