വീരപുത്രന് വിട: കേണല്‍ സന്തോഷ് ബാബുവിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി

0

ഹൈദരാബാദ്; ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ ബിക്കുമല്ല സന്തോഷ് ബാബുവിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. സ്വദേശമായ തെലങ്കാനയിലെ സൂര്യാപ്പേട്ടില്‍ അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു. ധീരസൈനികന് രാജ്യത്തിന്റെ ആദരം അര്‍പിച്ചുകൊണ്ട് പൂര്‍ണമായ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്.

പ്രത്യേക വിമാനത്തില്‍ എത്തിച്ച സന്തോഷ് കുമാറിന്റെ ഭൗതിക ശരീരം സൈനിക അടമ്പടിയോടെയാണ് തെലുങ്കാനയിലെ സൂര്യാപേട്ടിലേക്ക് എത്തിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ സന്തോഷ് ബാബുവിന്റെ വീടിനു സമീപത്താണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 50 പേര്‍ക്ക് മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്.

ദില്ലിയിൽ താമസിക്കുന്ന ഭാര്യ സന്തോഷിയും രണ്ട് മക്കളടങ്ങുന്ന കുടുബത്തെ നേരത്തെ നാട്ടിലേക്ക് എത്തിച്ചിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് സന്തോഷ് ബാബുവിന്റെ മൃതദേഹം ഹൈദരാബാദിലെ ഹകിംപേട്ട് വ്യോമസേനാ താവളത്തിലെത്തിച്ചത്. സന്തോഷ് കുമാറിന്റെ മൃതദേഹം വഹിച്ചുകൊണ്ടു നീങ്ങിയ ആംബുലന്‍സിന്റെ പാതയ്ക്കിരുവശവും നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത്. തെലങ്കാന ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന്‍, ഐടി മന്ത്രി കെ.ടി രാമറാവു തുടങ്ങിവര്‍ ഇവിടെയെത്തി ആദരാഞ്ജലികള്‍ അര്‍പിച്ചു. തുടര്‍ന്ന് മൃതദേഹം സൂര്യാപേട്ടിനുസമീപം വിദ്യാനഗറിലെ വീട്ടിലെത്തിച്ചു.

തിങ്കളാഴ്ച രാത്രി ലഡാക്കിലെ ഗല്‍വാന്‍ വാലിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. 16 ബിഹാര്‍ റെജിമെന്റ് കമാന്‍ഡിങ് ഓഫീസറായ കേണല്‍ സന്തോഷ് ബാബുവിനെ കൂടാതെ നായിബ് സുബേദാര്‍മാരായ നാഥുറാം സോറന്‍, സുബേദാര്‍ മന്‍ദീപ് സിങ്, സത്‌നാം സിങ്, ഹവില്‍ദാര്‍ ജനറല്‍ കെ. പളനി, ഹവില്‍ദാറുമാരായ സുനില്‍ കുമാര്‍, ബിപുല്‍ റോയ്, നായിക് ദീപക് കുമാര്‍, സിപോയിമാരായ രാജേഷ് ഒറാങ്, കുന്ദന്‍ കുമാര്‍ ഓജ, ഗണേഷ് റാം, ചന്ദ്രകാന്ദ പ്രധാന്‍, അങ്കുഷ്, ഗുര്‍ബിന്ദെര്‍, ഗുര്‍ജിത് സിങ്, ചന്ദന്‍ കുമാര്‍, കുന്ദന്‍ കുമാര്‍, അമന്‍കുമാര്‍, ജയ് കിഷോര്‍ സിങ്, ഗണേഷ് ഹന്‍സ്ദ എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികര്‍.