മുംബൈയിൽ ഡോക്ടർ ഫോണിലൂടെ നിർദ്ദേശങ്ങൾ നൽകി: യുവതിയുടെ പ്രസവമെടുത്ത് മൈസൂരിലെ അധ്യാപിക

0

മൈസൂരുവിലെ നസറാബാദിലെ ഒരു പാർക്കിൽ വെച്ച് മുംബൈയിലുള്ള ഡോക്ടറുടെ ഫോൺ കോളിന്റെ സഹായത്തോടെ യുവതിയുടെ പ്രസവമെടുത്ത ഒരു അധ്യാപികയാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്.

ശോഭ പ്രകാശ് എന്ന ഹൈസ്കൂൾ അധ്യാപികയാണ് മൈസൂരിലെ നസറാബാദിലെ പാർക്കിൽ വച്ച് മല്ലിക എന്ന ആദിവാസി യുവതിയുടെ പ്രസവമെടുത്തത്. പാർക്കിൽ വച്ച് മല്ലികയ്ക്ക് പ്രസവവേദന തുടങ്ങി. വഴിയാത്രക്കാർ അവരുടെ സഹായത്തിനായി എത്തുകയും ചെയ്തു. എന്നാൽ ആംബുലൻസ് വിളിക്കാനും അവരെ ആശുപത്രിയിൽ എത്തിക്കാനുമുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു.

സ്കൂളിലേക്ക് പോകുകയായിരുന്ന ശോഭ മല്ലികയുടെ സഹായത്തിന് എത്തുകയായിരുന്നു. വഴിയാത്രക്കാരിൽ ഒരാൾ തന്റെ പരിചയത്തിലുള്ള ഒരു ഡോക്ടറെ ഫോണിൽ വിളിച്ച് ശോഭയ്ക്ക് നൽകുകയും ചെയ്തു.

പാർക്കിൽ വെച്ച് മുംബൈയിലുള്ള ഡോക്ടറുടെ ഫോൺ കോളിന്റെ സഹായത്തോടെ മല്ലികയുടെ പ്രസവം ശുഭപര്യവസായിയാക്കാൻ കഴിഞ്ഞത് ശോഭ ഉള്ളതുകൊണ്ട് മാത്രമാണ്. നാല് വയസ്സുള്ള ഒരു മകനും ഒരു മകളും ഉൾപ്പെടെ മല്ലികയുടെ മറ്റ് രണ്ട് മക്കളും അവർക്കൊപ്പമുണ്ടായിരുന്നു.

ശരിക്കും പേടിയുണ്ടായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും ആപത്തൊന്നും വരരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് താൻ ഡോക്ടറുടെ നിർദേശങ്ങൾ കൃത്യമായി പിന്തുടർന്നെന്നും ശോഭ പറഞ്ഞു.

കുഞ്ഞ് പുറത്ത് വന്നപ്പോൾ പൊക്കിൾക്കൊടി എങ്ങനെ മുറിക്കുമെന്നറിയാതെ പകച്ചുപോയി. എന്നാൽ അപ്പോഴേക്കും ആംബുലൻസ് സ്ഥലത്തെത്തുകയും ആരോഗ്യപ്രവർത്തകർ ചുമതലയേറ്റെടുക്കുകയും പൊക്കിൾക്കൊടി മുറിക്കാൻ സഹായിക്കുകയും ചെയ്തുവെന്നും ശോഭ പറഞ്ഞു.

പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ശോഭ മല്ലികയെ സന്ദർശിക്കുകയും മല്ലികയ്ക്ക് 2000 രൂപസമ്മാനമായി നൽകുകയും ചെയ്തുവെന്നും ടെെംസ് നൗ റിപ്പോർട്ട് ചെയ്തു. ഹോട്ടൽ ജീവനക്കാരിയായ മല്ലിക ഭർത്താവുമായി പിരിഞ്ഞാണ് ഇപ്പോൾ ജീവിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.