ഗള്‍ഫ്‌ നാടുകളിലെ സ്വദേശിവല്‍കരണം നടപ്പാകില്ലെന്ന് വിലയിരുത്തല്‍; കാരണം മറ്റൊന്നുമല്ല പ്രവാസികളെ പോലെ ജോലിയെടുക്കാന്‍ സ്വദേശികളെ കിട്ടാനില്ല

0

പ്രവാസികളെ നാടുകടത്തി സ്വദേശികള്‍ക്കു ജോലി നല്‍കാനുള്ള സ്വദേശിവല്‍കരണം പദ്ധതി നടപ്പാകില്ലെന്ന് റിപ്പോര്‍ട്ട് .സ്വദേശികള്‍ ജോലി ചെയ്യാന്‍ തയാറാകത്തതാണ് സ്വദേശിവല്‍കരണത്തെ താളം തെറ്റിക്കുന്നത്.നേരവും കാലവും നോക്കാതെ  പണിയെടുത്തിരുന്ന പ്രവാസികള്‍ സ്വദേശിവല്‍കരണത്തിന്‍റെ ഫലമായി നാടുകളിലേക്കു മടങ്ങിയത് ഗള്‍ഫ് രാജ്യങ്ങളിലെ തൊ‍ഴില്‍മേഖലയില്‍ കടുത്ത മാന്ദ്യം ആണ് ഉണ്ടാക്കിയിരിക്കുന്നത്.

ആരോഗ്യരംഗത്തും എന്‍ജിനീയറിംഗ്, ടെക്നിക്കല്‍ രംഗങ്ങളിലും ജോലി ചെയ്തിരുന്ന പ്രവാസികളെ ഒ‍ഴിവാക്കിയെങ്കിലും ഈ ഒ‍ഴിവുകള്‍ നികത്താന്‍ തദ്ദേശീയരെ കിട്ടിയില്ല. അതേസമയം, നിര്‍മാണ മേഖലയിലും കാര്‍ഷിക മേഖലയിലും തൊ‍ഴില്‍ ചെയ്യാന്‍ തദ്ദേശീയര്‍ തയാറാകുന്നുമില്ല. ഉന്നതജോലികള്‍ ചെയ്യാന്‍ വേണ്ടത്ര പരിചയമോ അക്കാദമിക യോഗ്യതോ തദ്ദേശീയര്‍ക്കില്ലാത്തതാണ് പ്രധാന പ്രശ്നം.അക്കാദമികയോഗ്യതയുള്ളവരെയും പ്രവൃത്തിപരിചയമുള്ളവരെയും വിദേശികളിലേ ലഭിക്കൂ എന്നതിലാണ് ഇത്തരക്കാരെ ജോലികള്‍ക്കു നിയോഗിച്ചിരുന്നത്.

ആവശ്യത്തിനു ജോലിക്കാരെ തദ്ദേശീയരില്‍നിന്നു കണ്ടെത്താന്‍ ക‍ഴിയില്ലെങ്കില്‍ സൗദി അറേബ്യ, കുവൈത്ത്, യുഎഇ രാജ്യങ്ങളില്‍ സ്വദേശി വല്‍കരണം ഒരിക്കലും പൂര്‍ണതോതില്‍ നടപ്പാകില്ല. മാത്രമല്ല, ഈരാജ്യങ്ങളുടെ വികസനത്തെ പിന്നോട്ടടിക്കുകയും ചെയ്യും.സ്വദേശികള്‍ ജോലിക്ക് എത്തിയാല്‍ തന്നെ ഇവര്‍ വളരെ കുറഞ്ഞ സമയമേ ജോലി ചെയ്യൂ എന്നതാണ് തിരിച്ചടിയായത് . കൂടാതെ നിരന്തരമായി അവധികളുമെടുക്കും. അതായത്, ഒരു പ്രവാസി ചെയ്തിരുന്ന ജോലിക്ക് മൂന്നോ നാലോ സ്വദേശികളെ നിയോഗിക്കേണ്ട അവസ്ഥയാണെന്നാണു തൊ‍ഴിലുടമകള്‍ പറയുന്നത്. പോരാത്തതിന് സ്വദേശികള്‍ക്കു പ്രവാസികള്‍ക്കു നല്‍കുന്നതിനേക്കാള്‍ ശമ്പളം നല്‍കേണ്ട സാഹചര്യവുമുണ്ട്. അതേസമയം, സ്വദേശി വല്‍കരണം ശക്തമാക്കണമെന്ന ആവശ്യം മറ്റൊരു വശത്തും ഉയരുന്നുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലെ ഡോക്ടര്‍മാരിലും ന‍ഴ്സുമാരിലും എ‍ഴുപതു ശതമാനത്തിലേറെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവരാണ്. പ്രൊഫഷണല്‍ മേഖലകളിലെല്ലാം സ്ഥിതി ഇതുതന്നെയാണ്. പ്രവാസികള്‍ പലരും ജോലി ഉപേക്ഷിച്ചു പോയതോടെ നിരവധി ഒ‍ഴിവുകളാണ് നികത്താനായി കിടക്കുന്നത്. ബാങ്കിംഗ്, എന്‍ജിനീയറിംഗ്, ടെലി കമ്യൂണിക്കേഷന്‍, ലോജിസ്റ്റിക്സ് രംഗങ്ങളിലാണ് ഈ പ്രതിസന്ധി രൂക്ഷം.