ഗൾഫിൽ കൊവിഡ് ബാധിച്ച് നാല് മലയാളികൾ കൂടി മരിച്ചു

0

ഗൾഫിൽ കൊവിഡ് ബാധിച്ച് നാല് മലയാളികൾ മരിച്ചു. കാസർഗോഡ് തലപ്പാടി സ്വദേശി അബ്ബാസ്, മടിക്കെ സ്വദേശി കുഞ്ഞമ്മദ് എന്നിവരാണ് അബുദാബിയിൽ മരിച്ചത്. അബ്ബാസ് പത്ത് വർഷത്തിൽ അധികമായി ഡ്രൈവറായി പ്രവർത്തിച്ചു വരികയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

കുവൈത്തിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയഗോപാൽ, കോഴിക്കോട് എലത്തൂർ സ്വദേശി അബ്ദുൾ അഷ്‌റഫ് എന്നിവര്‍ മരിച്ചു. കെഎംസിസി കോഴിക്കോട് ജില്ലാ കൗൺസിലറായിരുന്നു മരിച്ച അഷ്‌റഫ്. ദീർഘകാലമായ കെഎംസിസി പ്രവർത്തകനാണ്. രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച് ഗൾഫില്‍ മരിച്ച മലയാളികളുടെ എണ്ണം 83 ആയിരിക്കുകയാണ്.

കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4803 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച മുഴുവൻപേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3760 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു.