പുല്‍വാമ ഭീകരാക്രമണം: മലയാളി ജവാന്‍ വസന്തകുമാറിന്‍റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും

0

കോഴിക്കോട്: പുല്‍വാമയില്‍ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാറിന്‍റെ മൃതദേഹം പതിനൊന്ന് മണിയോടെ കരിപ്പൂരിലെത്തിക്കും.

മൃതദേഹം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയ ശേഷം വസന്ത കുമാര്‍ പഠിച്ചിറങ്ങിയ ലക്കിടി എല്‍പി സ്കൂളിൽ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. തൃക്കൈപ്പറ്റ വാഴക്കണ്ടിയിലെ കുടുംബശ്മശാനത്തിലായിരിക്കും സംസ്കാരം. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ടി പി രാമകൃഷ്ണനും കടന്നപ്പള്ളി രാമചന്ദ്രനുമാകും ചടങ്ങുകളില്‍ പങ്കെടുക്കുക.

പതിനെട്ട് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് വീര്യമൃത്യു വരിക്കുന്നത്. ധീരജവാനെ നഷ്ടപ്പെട്ട വേദനയിൽ ഒരു ഗ്രാമം മുഴുവൻ കരയുമ്പോഴും… ഉള്ളിൽ അവരൊരുരുത്തരും പിടയുന്ന വേദനയിൽ പറയുന്നതിങ്ങനെ വസന്തകുമാര്‍ രാജ്യത്തിന് വേണ്ടി പോരാടി മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന്…