സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് ‘റെഡ്’ അലര്‍ട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വെള്ളിയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം അതിജാഗ്രതാനിർദേശം (റെഡ് അലർട്ട്) പുറപ്പെടുവിച്ചു. ജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ച ഇടുക്കിയിലും ഞായറാഴ്ച കണ്ണൂരിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 204 മില്ലീമീറ്ററിൽ കൂടുതൽ മഴയാണ് ഈ ദിവസങ്ങളിൽ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്.വെള്ളി, ശനി ദിവസങ്ങളിൽ വടക്കുപടിഞ്ഞാറു ദിശയിൽനിന്ന് കേരളം, ലക്ഷദ്വീപ് തീരങ്ങളിലേക്ക് മണിക്കൂറിൽ 50 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്ന് മുന്നറിയിപ്പുണ്ട്. അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കുള്ള സാധ്യത വർധിക്കും.