സംസ്ഥാനത്ത് അതിതീവ്ര മഴ: മുന്നറിയിപ്പ്

0

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ഉത്രാട ദിനമായ നാളെ എറണാകുളം മുതല്‍ കണ്ണൂര്‍ വരെയുള്ള എട്ട് ജില്ലകളിലും തിരുവോണ ദിനത്തില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം സംസ്ഥാനത്തെത്തും. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണ് സംഘമെത്തുക. തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയര്‍ന്ന ഇടമലയാര്‍ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.