ദുബായിൽ ശമ്പളം കൂടും; പുതിയ ശമ്പളനയത്തിന് അംഗീകാരമായി

0

ദുബായില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള പരിഷ്‌കരണം വരുന്നു. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ശമ്പള വ്യവസ്ഥയ്ക്ക് അനുമതി നല്‍കി. തൊഴില്‍ നയങ്ങള്‍ നവീകരിക്കുന്നതിലൂടെ ദുബായിലെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കലാണ് ലക്ഷ്യമിടുന്നത്.

യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നയങ്ങള്‍ക്കനുസരിച്ചാണ് പുതിയ പരിഷ്‌കരണമെന്ന് ദുബായ് കിരീടാവകാശി വ്യക്തമാക്കി.

മാനവവിഭവ ശേഷി വര്‍ധിപ്പിക്കുന്നതിനും ജീവനക്കാരുടെ സന്തോഷത്തിനും സ്ഥിരതയ്ക്കും പ്രഥമ പരിഗണന നല്‍കാനും ലക്ഷ്യമിട്ടാണ് തീരുമാനമെന്നും ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

പുതിയ പാക്കേജ് പ്രകാരം സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് നിലവിലെ ശമ്പളത്തില്‍ നിന്നും 10 ശതമാനം വര്‍ധനവാണ് ഉണ്ടാവുക. പ്രൊഫഷണല്‍ ജീവനക്കാര്‍ക്ക് 16 ശതമാനം വരെ ശമ്പളം വര്‍ധിക്കും. ഇതോടൊപ്പം ജോലി സമയത്തെ ഇളവുകള്‍, പാര്‍ട്ട് ടൈം ജോലിക്കുള്ള സൗകര്യം തുടങ്ങിയവയും പുതിയ നയത്തിലുണ്ട്.

യു.എ.ഇയിലെ പുതിയ ബിരുദധാരികള്‍ക്ക് അടിസ്ഥാന വേതനം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിനൊപ്പം ഇവര്‍ക്ക് റിസ്‌ക് അലവന്‍സ്, എയര്‍ ടിക്കറ്റ് അലവന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നീ ആനുകൂല്യങ്ങളും ലഭിക്കും. ഉദ്യോഗസ്ഥര്‍ക്കുള്ള സ്ഥാനക്കയറ്റം നിശ്ചയിക്കുന്നതിനുള്ള പ്രത്യക കമ്മിറ്റിക്കും ദുബായ് കിരീടാവകാശി അനുമതി നല്‍കി.