ഇരുചക്രവാഹനത്തിന്റെ പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മറ്റ് ഇല്ലെങ്കിലും ലൈസന്‍സ് നഷ്ടമാകും

0

തിരുവനന്തപുരം: ഇരുചക്രവാഹനത്തിന്റെ പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും ഓടിക്കുന്നയാളിന്റെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടമാകും. കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ലൈസന്‍സിന് അയോഗ്യത കല്പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍ അറിയിച്ചു.

കേന്ദ്രനിയമത്തില്‍ 1000 രൂപ പിഴ നിശ്ചയിച്ചിരുന്നത് 500 രൂപയായി സംസ്ഥാനസര്‍ക്കാര്‍ കുറച്ചിരുന്നു. എന്നാല്‍, മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള വ്യവസ്ഥ പിന്‍വലിച്ചിട്ടില്ല. പിഴ അടച്ചാലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും ഡ്രൈവര്‍ റിഫ്രഷര്‍ കോഴ്‌സിന് അയക്കാനും കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ വന്‍തോതില്‍ അപകടമരണങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും സ്വന്തം സുരക്ഷയ്ക്കായി ധരിക്കുന്ന ഹെല്‍മറ്റിന്റെ ഗുണമേന്മ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.