
ന്യൂഡൽഹി: പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ മുപ്പത് പേർ തിരക്കിൽപ്പെട്ട് മരിച്ച സംഭവത്തെ നിസാരവത്കരിച്ച് ബിജെപി എംപിയും ബോളിവുഡിന്‍റെ പഴയ ഡ്രീം ഗേളുമായ ഹേമമാലിനി.
ഇതൊന്നും വലിയ കാര്യമല്ലെന്നും, ഗംഗ - യമുന – സരസ്വതി സംഗമത്തിൽ തനിക്ക് നന്നായി സ്നാനം ചെയ്യാൻ സാധിച്ചെന്നും ഹേമമാലിനി പറഞ്ഞു. ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ വളരെ നന്നായാണ് കുംഭമേള നടത്തുന്നതെന്നും, എല്ലാം വളരെ നന്നായാണ് മുന്നോട്ടുപോകുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
ഇത്രയധികം പേർ വരുന്നിടത്ത് തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. ഇത്തരം സംഭവങ്ങളൊക്കെ സ്വാഭാവികമാണെന്നും എംപി. അപകടത്തെ പെരുപ്പിച്ചു കാണിക്കുകയാണെന്നും അവർ ആരോപിച്ചു.
എന്നാൽ, യഥാർഥത്തിൽ ഇവിടെ മുപ്പതല്ല, കൂടുതൽ പേർ മരിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
അപകടത്തിൽ മരിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ നദിയിലേക്ക് വലിച്ചെറിഞ്ഞിട്ടുണ്ടെന്ന് സമാജ്‌വാദി പാർട്ടി എംപിയും ബോളിവുഡ് നടിയുമായ ജയ ബച്ചനും ആരോപിച്ചിരുന്നു.