കല്‍ക്കരി തീവണ്ടിയുടെ ചൂളം വിളിയുമായി… യാത്രയ്‌ക്കൊരുങ്ങി കൊച്ചി

1

ആവി എഞ്ചിന്‍റെ ചൂളം വിളിയും കാതോർത്തിരുന്ന് തീവണ്ടിയാത്ര നടത്തിയവർ ഇന്നത്തെ കാലത്ത് അധികമുണ്ടാകില്ല.

അവര്‍ക്കൊരു പുതിയ യാത്രാനുഭവം പകരാനായി ദക്ഷിണ റെയില്‍വേയുടെ പൈതൃക തീവണ്ടി യാത്രയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു.

ആവി എന്‍ജിനില്‍ ഓടിയിരുന്ന 165 വര്‍ഷം പഴക്കമുള്ള തീവണ്ടിയാണ് എറണാകുളം സൗത്തില്‍ നിന്ന് ഹാര്‍ബര്‍ ടെര്‍മിനസിലേക്ക് ശനിയും ഞായറും യാത്ര നടത്തുന്നത്.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഇ.ഐ.ആര്‍. 21 എന്ന കല്‍ക്കരി തീവണ്ടിയാണ് സര്‍വീസിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തിയത്.

ഇതിന്റെ ഭാഗമായി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പ്രത്യേക ട്രയല്‍ റണ്ണും നടത്തിയിരുന്നു.

163 വര്‍ഷം പഴക്കമുള്ള എന്‍ജിന്‍ 55 വര്‍ഷത്തോളം സര്‍വീസ് നടത്തിയ ശേഷം ഒരു നൂറ്റാണ്ടോളം മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ചെന്നൈ പെരമ്പൂര്‍ ലോക്കോ വര്‍ക്സില്‍ പുനര്‍നിര്‍മാണം നടത്തിയ ശേഷമാണ് തീവണ്ടി ദക്ഷിണ റെയില്‍വേ ഏറ്റെടുത്തത്. നാഗര്‍കോവിലില്‍ നിന്ന് കന്യാകുമാരിയിലേക്കായിരുന്നു പൈതൃക തീവണ്ടിയുടെ ആദ്യയാത്ര.

പ്രായത്തിന്റെ അവശതകളൊന്നും അലട്ടാതെ പൂര്‍ണ ആരോഗ്യത്തോടെ യാത്ര ചെയ്യാന്‍ തയ്യാറാണ് ഈ മുതുമുത്തശ്ശന്‍ തീവണ്ടി.

വെള്ളിയാഴ്ച അവസാനഘട്ട ട്രയല്‍ റണ്‍ നടത്തിയിരുന്നു, യാതൊരു കുഴപ്പവുമില്ലാതെ മികച്ച രീതിയില്‍ സര്‍വീസ് നടത്താന്‍ കഴിഞ്ഞതായി അധികൃതർ പറഞ്ഞു.

നിലവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമായിരിക്കും സര്‍വ്വീസ്. എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളില്‍ നിന്ന് ടിക്കറ്റെടുക്കാം.

വിദേശികള്‍ക്ക് ആയിരവും ഇന്ത്യക്കാര്‍ക്ക് 500ഉം കുട്ടികള്‍ക്ക് 300 രൂപയുമാണ് നിരക്ക്. യാത്രാനിരക്ക് അല്‍പ്പം കൂടുതലാണെന്ന പരാതിയും ഉണ്ട്.

ഒരു എന്‍ജിനും ഒരു എസി കംപാര്‍ട്ട്മെന്‍റുമുളള തീവണ്ടിയില്‍ ഒരേ സമയം 40 പേര്‍ക്ക് യാത്ര ചെയ്യാം.