ഇവരുടെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിനു  66,000 ദിര്‍ഹം പ്രതിഫലം; കാരണം ഇതാണ്

0

ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവര്‍ ആണ് നമ്മളില്‍ മിക്കവാറും. എന്നാല്‍ സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റിനു  66,000 ദിര്‍ഹം പ്രതിഫലം വാങ്ങുന്ന സുന്ദരിയെ അറിയാമോ?  ഇറാഖി അമേരിക്കന്‍ സൗന്ദര്യവിദഗ്ദ്ധയായ ഹുദാ കട്ടന്‍ ആണ് പൊന്നും വിലയുള്ള ആ താരം.

ദുബായ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹുദാ കട്ടന്‍ ഇതിന് മുമ്പ് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത് ടൈം മാസികയുടെ ഇന്റര്‍നെറ്റില്‍ ഏറ്റവും സ്വാധീനിക്കപ്പെടുന്ന വാര്‍ഷിക പട്ടികയില്‍ ഉള്‍പ്പെട്ടപ്പോഴാണ്. അതിനു പിന്നാലെയാണ് ഹുദയെ തേടി പുതിയ ബഹുമതിയെത്തുന്നത്. ഓരോ പോസ്റ്റിനും 66,000 ദിര്‍ഹം പ്രതിഫലം പറ്റുന്ന ഹുദയുടെ ബ്യൂട്ടി ടിപ്‌സുകള്‍ 20 ഇന്‍സ്റ്റാഗ്രാം യൂസര്‍മാരില്‍ ഒരാള്‍ വീതം പിന്തുടരാറുണ്ടത്രേ.

ഹുദ കട്ടന്‍ 2010 ല്‍ മേക്കപ്പുമായി ബന്ധപ്പെട്ട് ബ്‌ളോഗ് എഴുത്ത് തുടങ്ങിയത് മുതലാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഇന്‍സ്റ്റാഗ്രാമില്‍ ഇവര്‍ക്ക് ഇപ്പോള്‍ 20 ദശലക്ഷം ഫോളോവേഴ്‌സുണ്ട്. സൗന്ദര്യവര്‍ദ്ധനയുമായി ബന്ധപ്പെട്ട് ഇവര്‍ പ്രസിദ്ധീകരിക്കുന്ന എഴുത്തുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ട്യൂട്ടോറിയലുകള്‍, സൗന്ദര്യ സംവിധാനങ്ങള്‍, ഉല്‍പ്പന്ന വാര്‍ത്തകള്‍ പ്രമോഷണല്‍ പോസ്റ്റുകള്‍ എന്നിവയ്‌ക്കെല്ലാം വന്‍ ആരാധകരാണുള്ളത്. ഇവരുടെ ഓരോ പോസ്റ്റിനും 18,000 ഡോളര്‍ വീതം കിട്ടുന്നുണ്ടെന്നാണ് പോപ് ഷുഗര്‍ ഡോട്ട് കോം വെബ്‌സൈറ്റ് പറയുന്നത്. സെഫോറാ ഷോപ്പുകള്‍ വഴിയാണ് ഇവരുടെ ഉല്‍പ്പന്നങ്ങള്‍ ആഗോളമായി കിട്ടുന്നത്.