‘എടാ, എടീ’ വിളികൾ പൊതുജനത്തോടു വേണ്ട പൊലീസിനോട് ഹൈകോടതി

0

കൊച്ചി ∙ പൊലീസിന്റെ ‘എടാ, എടീ’ വിളികൾ പൊതുജനത്തോടു വേണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി ഇതുസംബന്ധിച്ചു സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. തൃശൂർ ചേർപ്പിലെ വ്യാപാരി ജെ.എസ്. അനിൽ നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം. പൊലീസ് മാന്യമായി പെരുമാറണം. മുന്നിലെ ത്തുന്നവരല്ലാം പ്രതികളല്ലെന്ന് ഓർക്കണം. മോശം പെരുമാറ്റം ജനങ്ങൾ സഹിക്കേണ്ടതില്ലെന്നും പറഞ്ഞു.

ചേർപ്പ് എസ്ഐ തന്നോടും മകളോടും മോശമായി പെരുമാറിയെന്നും കട നടത്തിപ്പ് തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എസ്ഐ മകളെ അധിക്ഷേപിച്ചെന്നു പരാതിക്കാരൻ ആരോപിച്ചിട്ടുണ്ടെങ്കിലും തൃശൂർ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിക്കുകയാണെന്നു കോടതി പറഞ്ഞു. കട നടത്തിപ്പ് തടസ്സപ്പെടുത്തുന്നുവെന്ന പരാതിയിലും കൃത്യമായ മറുപടിയില്ല. അഡീഷനൽ റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിയോടു നിർദേശിക്കുകയും ചെയ്തു.