അവയവങ്ങൾ കുറ്റവാളികളല്ല -ഹൈക്കോടതി

0

കേരള ഹൈക്കോടതിയുടെ മറ്റൊരു വിധിന്യായം കൂടി ചരിത്രത്തിൽ ഇടം പിടിക്കുകയാണ്. ക്രിമിനൽ കേസിൽ പ്രതിയായ ഒരു വ്യക്തിയുടെ വൃക്ക ദാനം ചെയ്യാനുള്ള അനുമതി നിഷേധിച്ച ഏറണാകുളം ജില്ലാ ഓതറൈസേഷൻ കമ്മിറ്റിയുടെ തീരുമാനം റദ്ദ് ചെയ്താണ് ജസ്റ്റിസ് പിവി.കുഞ്ഞികൃഷ്ണൻ്റെ വിധി പ്രസ്താവനയോടൊപ്പമുള്ള നിരീക്ഷണത്തിലാണ് ശ്രദ്ധേയമായ ഈ അഭിപ്രായ പ്രകടനമുള്ളത്.

ഒരാൾ കുറ്റവാളിയായത് കൊണ്ട് മാത്രം അയാളുടെ ഒരു അവയവും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകുന്നില്ലെന്നും എല്ലാവരിലും ഒരേ രക്തമാണെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ തൻ്റെ നിരീക്ഷണത്തിൽ അടിവരയിട്ട് പ്രസ്താവിച്ചിട്ടുണ്ട്. വടക്കൻ മലബാറിലെ പ്രശസ്തമായ “പൊട്ടൻ തെയ്യം” കേരളത്തിലാകെ കളിക്കണമെന്നും പൊട്ടൻ തെയ്യത്തിൻ്റെ തോറ്റം പാട്ടിലെ വരികൾ ഉദ്ധരിച്ചുള്ള വിധിന്യായത്തിൽ ചൂണ്ടിക്കാണിച്ചു.

“നിങ്കളെ കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
നാങ്കളെ കൊത്ത്യാലും ചോരല്ലേ ചൊവ്വറ് ?
പിന്നെന്തെ ചൊവ്വറ് കുലം പിശക് ന്ന് ?
തീണ്ടിക്കൊണ്ടല്ലേ കുലം പിശക് ന്ന് “
ഈ വരികൾ കേരളം ഉൾക്കൊള്ളണ്ടതാണെന്നാണ് വിധിന്യായത്തിലെ പ്രസക്തമായ നിരീക്ഷണം’ കോടതിയുടെ മുന്നിൽ വരുന്ന കാര്യങ്ങളിൽ പരിഗണിക്കേണ്ട മുഖ്യ ഘടകം നീതി തന്നെയാണെന്ന് ഓർമ്മപ്പെടുത്തുന്നതാണ് ഈ വിധിന്യായം. ഏത് കൊടും കുറ്റവാളിയായാലും അന്യൻ്റെ വിഷമതകളിലും ദുരിതങ്ങളിലും സ്വന്തം അവയവം ദാനം ചെയ്യാൻ തയ്യാറായ ഒരാളെ അസ്പൃശ്യനായി കാണുന്നത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ലെന്ന് തന്നെയാണ് ഈ വിധിന്യായം ജനതക്ക് നൽകുന്ന വിലപ്പെട്ട സന്ദേശം’ കേരളത്തിൻ്റെ നീതിന്യായ ചരിത്രത്തിൽ ഈ വിധിന്യായത്തിനുള്ള പ്രസക്തി വളരെ വലുതാണ്.