കുത്തഴിയുന്ന ഉന്നത വിദ്യാഭ്യാസ രംഗം, കേരളം എങ്ങോട്ട്?

0

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ആശാവഹമല്ലാത്ത കാര്യങ്ങളാണോ നടന്നു കൊണ്ടിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കണ്ണൂർ സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് നിയമന രേഖയിൽ ഒപ്പു വെച്ച ഗവർണ്ണറും സംസ്ഥാന സർക്കാറും തമ്മിൽ തുറന്ന പോരിലാണ്. ചാൻസലർ എന്ന പദവിയിൽ തുടരാൻ സാദ്ധ്യമല്ലെന്ന് ഗവർണ്ണർ രേഖാമൂലം അറിയിച്ചിരിക്കുകയാണ്. നിയമ പ്രകാരം വന്നു ചേർന്ന ചുമതലകളിൽ നിന്ന് വിട്ടു നിൽക്കുക എന്നതിനർത്ഥം നിയമത്തെ അംഗീകരിക്കാൻ തയ്യാറല്ല എന്ന് തന്നെയാണ്.

ഒരു റബ്ബർ സ്റ്റാമ്പായി തുടരാൻ വ്യക്തിത്വമുള്ള ആരും തയ്യാറാകുകയില്ല എന്നതാണ് യാഥാർത്ഥ്യം. ഈ ചക്കളത്തിപ്പോരാട്ടം ഉന്നത വിദ്യാഭ്യാസ രംഗത്തിൻ്റെ ശിഥിലീകരണത്തിന് വഴിയൊരുക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇത് കേവലം സർക്കാറും ഗവർണറും തമ്മിലുള്ള രാഷ്ടീയ പ്രശ്നമായി ലാഘവത്തോടെ കാണാൻ കഴിയില്ല. ഏറെ പ്രകീർത്തിക്കപ്പെട്ട കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയുടെ അപചയമായി കാണേണ്ടിയിരിക്കുന്നു , ഉന്നത വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന മറ്റു ചില സംഭവങ്ങളും ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ഡിഗ്രീ പരീക്ഷയിൽ പരാജയപ്പെട്ട എട്ടു വിദ്യാർത്ഥികൾ സംസ്കൃത സർവകലാശാലയിൽ ബിരുദാനന്തര കോഴ്‌സിന് ചേർന്നുവെന്നും സംഭവം പുറത്തറിഞ്ഞപ്പോൾ അവരുടെ പ്രവേശനം റദ്ദാക്കുകയും ചെയ്തു വെന്നുമാണ് മറ്റൊരു വാർത്ത.

ഇതെല്ലാം അബദ്ധത്തിൽ സംഭവിച്ചു പോയതാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ ചിലപ്പോൾ പാർട്ടി അണികൾ തയ്യാറായേക്കാം. എന്നാൽ പ്രബുദ്ധരായ കേരള ജനതയ്ക്ക് അത് വിശ്വസിക്കാൻ സാദ്ധ്യമല്ല. ഉന്നത വിദ്യാഭ്യാസ രംഗം ഒരു ഈജിയൻ തൊഴുത്തായി തുടരാൻ ഇനിയും അനുവദിക്കുകയാണെങ്കിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്കും പുറം ലോകത്തിനും മുന്നിൽ ലജ്ജിച്ച് ശിരസ്സ് താഴ്ത്തി നടക്കേണ്ട അവസ്ഥ സംജാതമായിത്തീരുമെന്നതാണ് വാസ്തവം.

ഭരണത്തിലിരിക്കുന്നവർക്ക് ഓർമ്മകൾ ഉണ്ടായിരിക്കണം’ കേരളത്തിലെ ആദ്യത്തെ സർക്കാറിൻ്റെ വിദ്യാഭ്യാസ നയവും തീരുമാനങ്ങളും. ആദ്യ മുഖ്യമന്ത്രിയായ ഇ. എം.എസിനെയും കേരള സർവ്വകലാശാലയിലെ വൈസ് ചാൻസലറായിരുന്ന ജോൺ മത്തായിയെയും ‘ ആ സ്മരണയിൽ നിന്നാകട്ടെ സർവകലാശാലയിലെ നിയമനങ്ങളുടെ മാനദണ്ഡങ്ങളും തീരുമാനങ്ങളും.