അദാനിയെ പിടിച്ചുലച്ചു, നഷ്ടം 100 ബില്യൻ ഡോളർ; അടച്ചുപൂട്ടി ഹിൻഡൻബർഗ് റിസർച്ച്

0

ന്യൂയോർക്ക് ആസ്ഥാനമായി ‌2017ൽ ആരംഭിച്ച ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് പുറത്തുവിട്ട കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുകൾ വമ്പൻ കോർപറേറ്റ് കമ്പനികളെ ഞെട്ടിച്ചിരുന്നു. ഇതെല്ലാം വലിയ ചർച്ചയും വിവാദവുമായി. അദാനി ഗ്രൂപ്പ്, നികോള, ഇറോസ് ഇന്റർനാഷനൽ തുടങ്ങിയ ഭീമന്മാരെ ഉലച്ചുകളഞ്ഞ വിവരങ്ങളാണ് ഇവർ വെളിപ്പെടുത്തിയിരുന്നത്.

കമ്പനിയുടെ ജോലി പൂർത്തിയായി, മുന്നോട്ടു പോകാനുള്ള സമയമായി എന്നാണു ഹിൻഡൻബർഗിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ചുള്ള ദീർഘമായ ബ്ലോഗ് കുറിപ്പിൽ നെയ്റ്റ് ആൻഡേഴ്സൺ പറഞ്ഞത്. ‘‘കഴിഞ്ഞ വർഷം അവസാനം മുതൽ കുടുംബത്തോടും സുഹൃത്തുക്കളോടും ഞങ്ങളുടെ ടീമിനോടും പങ്കുവച്ചതുപോലെ, ഹിൻഡൻബർഗ് റിസർച്ച് അവസാനിപ്പിക്കാൻ തീരുമാനിച്ചു.’’– ‌ആൻഡേഴ്സൺ വ്യക്തമാക്കി.

തന്റെ തീരുമാനത്തിനു പിന്നിൽ പ്രത്യേക കാരണം ഇല്ലെന്ന് ആൻഡേഴ്സൺ പറഞ്ഞു. ‘‘പുറമെനിന്നുള്ള ഭീഷണിയോ ആരോഗ്യപ്രശ്നമോ മറ്റേതെങ്കിലും അടിയന്തര കാര്യങ്ങളോ ഇല്ല. ജീവിതത്തിലെ ഒരു അധ്യായത്തിന്റെ സ്വാഭാവിക അവസാനമാണിത്. സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള അവസാന കേസുകളും പൂർത്തിയാക്കിയ ശേഷമാണു സ്ഥാപനം നിർത്തിയത്. ഹിൻഡൻബർഗിൽ കൂടുതൽ നേരം ചെലവിട്ടതിനാൽ ജീവിതത്തിലെ മറ്റു കാര്യങ്ങൾക്കു സമയം കിട്ടിയില്ല. സ്വയം തെളിയിക്കാനായി തുടങ്ങിയതാണെങ്കിലും ഹിൻഡൻബർഗ് ജീവിതത്തിന്റെ പ്രധാന കാര്യമായി.

എന്നാൽ, കാലക്രമേണ ഹിൻഡൻബർഗ് റിസർച്ച് ജീവിതത്തിലെ ഒരു അധ്യായം മാത്രമാണെന്നു മനസ്സിലാക്കി. അടുത്ത 6 മാസത്തിനുള്ളിൽ, കമ്പനിയുടെ അന്വേഷണ രീതികൾ വിഡിയോകളിലൂടെ പരസ്യമാക്കും. മറ്റുള്ളവരെ സമാനമായ ജോലികൾ തുടരാൻ ഇതു പ്രചോദിപ്പിക്കുമെന്നാണു പ്രതീക്ഷ. 11 അംഗങ്ങളുള്ള ചെറിയ ടീമുമായാണു ഹിൻഡൻബർഗ് തുടങ്ങിയത്. തെളിവുകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിങ്ങിലും സാമ്പത്തിക തട്ടിപ്പുകൾ കണ്ടെത്തുന്നതിനു ധൈര്യത്തോടെ നടപടികൾ സ്വീകരിക്കുന്നതിലും ടീം പ്രതിബദ്ധത കാണിച്ചു. നൂറോളം പേർക്കെതിരെ സിവിലോ ക്രിമിനൽ ആയ കുറ്റാരോപണങ്ങൾ ഉണ്ടായി’’– ആൻഡേഴ്സൺ പറഞ്ഞു.

പ്രധാന ഹിൻഡൻബർഗ് കേസുകൾ

2023 ജനുവരിയിൽ അദാനി ഗ്രൂപ്പിനെതിരെ തട്ടിപ്പ്, ഓഹരി ക്രമക്കേട് എന്നിവ ആരോപിച്ച് റിപ്പോർട്ട് പുറത്തിറക്കിയപ്പോഴാണു ഹിൻഡൻബർഗ് ലോകശ്രദ്ധ നേടിയത്. ഈ റിപ്പോർട്ട് അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ വൻ ഇടിവുണ്ടാക്കി. ഗൗതം അദാനിയുടെ വ്യക്തിഗത സമ്പത്തിൽ 100 ബില്യനിലധികം ഡോളറിന്റെ നഷ്ടമുണ്ടായി. 2023 ജനുവരി 24ന് 19.19 ലക്ഷം കോടി രൂപയായിരുന്ന 10 അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂലധനം, ഫെബ്രുവരി 27ന് 7 ലക്ഷം കോടി രൂപയ്ക്ക് താഴെയായി

ഹിൻഡൻബർഗോ അല്ലെങ്കിൽ മറ്റുള്ളവരോ പറയുന്ന ആരോപണങ്ങൾ ശരിയായി പരിശോധിക്കാതെ തെളിവായി ഉപയോഗിക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി പിന്നീട് പറഞ്ഞു. പതിയെ അദാനി ഷെയറുകൾ തിരിച്ചുകയറി. ഇലക്ട്രിക് വാഹന കമ്പനിയായ നികോള കോർപറേഷനിലെ തട്ടിപ്പ് ആരോപണങ്ങൾ 2020ൽ പുറത്തുകൊണ്ടുവന്നതും ചർച്ചയായി. നികോള സ്ഥാപകൻ ട്രെവർ മിൽട്ടൻ പിന്നീട് രാജിവച്ചു. 2019ൽ ഇറോസ് ഇന്റർനാഷനലിലെ സാമ്പത്തിക ക്രമക്കേടുകളെപ്പറ്റിയും ഹിൻഡൻബർഗ് വെളിപ്പെടുത്തലുകൾ നടത്തി.