ഇനി ചരകശപഥത്തിൻ്റെ നാളുകൾ

0

ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ ആവിർഭാവം മുതൽ അതിൻ്റെ പിതാവ് എന്ന പേരിൽ അറിയപ്പെട്ട ഹിപ്പോക്രാറ്റസിൻ്റെ നാമധേയത്തിൽ പ്രതിജ്ഞ ചെയ്തു കൊണ്ടാണ് ഭിഷഗ്വരൻമാർ ആതുരസേവന രംഗത്തേക്ക് കടന്നു വരുന്നത്. അലോപ്പതി ഡോക്ടർമാരുടെ സേവന മനോഭാവത്തിൽ ഈ പ്രതിജ്ഞ നിർണ്ണായകമായ സ്വാധീനം ചെലുത്തിയിരുന്നു എന്നത് അവിതർക്കിതമായ യാഥാർത്ഥ്യവുമാണ്. ഈ പ്രതിജ്ഞ മാറ്റാനുള്ള പ്രത്യേക സാഹചര്യമൊന്നും പുതുതായി ഉണ്ടായിട്ടില്ല. എന്നാൽ കേന്ദ്രം ഭരിക്കുന്ന സർക്കാറിന് ഒരു പുതിയ ഉൾവിളിയുണ്ടാകുകയും ഹിപ്പോക്രാറ്റസ് പ്രതിജ്ഞ ഭാരത സംസ്കാരത്തിന് ചേർന്നതല്ലെന്ന നിഗമനത്തിലെത്തുകയും ചെയ്തിരിക്കുകയാണ്. ഹിപ്പോക്രാറ്റസിൻ്റെ പ്രതിജ്ഞയ്ക്ക് പകരമായി പ്രാചീന ഭാരത്തിലെ വൈദ്യശാസ്ത്ര രംഗത്തെ പ്രതിഭയായിരുന്ന ചരകൻ്റെ നാമധേയത്തിൽ ശപഥമെടുക്കാനാണ് കേന്ദ്ര സർക്കാറിൻ്റെ പുതിയ തീരുമാനം

ചരകനെ നിരാകരിക്കാൻ ഭാരതത്തിനാവില്ല. പ്രാചീന ഭാരതത്തിലെ വൈദ്യശാസ്ത്ര രംഗത്ത് ചരകൻ്റെയും ശുശ്രുതൻ്റെയും സംഭാവനകളെ ചെറുതായി കാണാനോ അവഗണിക്കാനോ ആർക്കും കഴിയില്ല. ആ സംഭാവനകൾ അമൂല്യമാണ്. ഭാരതീയ പാരമ്പര്യത്തിന് അവ തിളക്കം നൽകുന്നുമുണ്ട്. അത് ഒരു ഭരണാധികാരിയുടെയും സൗമനസ്യമില്ലാതെ തന്നെ എക്കാലവും സ്മരിക്കപ്പെടുകയും നിലനിൽക്കുകയും ചെയ്യും.

എന്നാൽ നമ്മുടെ ഇന്നത്തെ കേന്ദ്ര ഭരണാധികാരികൾ എല്ലാ മേഖലകളിലും ആക്രമണ സ്വഭാവത്തോടെ കടന്നു കയറുകയാണ്. നമ്മുടെ ചരിത്രത്തെ സ്ഥാപിത താൽപര്യത്തിനായി വളച്ചൊടിക്കുകയാണ്. സ്ഥലനാമങ്ങളും ചരിത്രവും തന്നിഷ്ടപ്രകാരം മാറ്റുകയാണ്. ഇത് ചരിത്ര നിഷേധവും സംസ്കാരത്തിനോടുള്ള യുദ്ധപ്രഖ്യാപനവുമാണ്. നാളിത് വരെ യുക്തിക്ക് നിരക്കുന്ന രീതിയിൽ പിൻതുടർന്നു വന്ന ഹിപ്പോക്രാറ്റസിൻ്റെ പ്രതിജ്ഞയെ ചവറ്റുകൊട്ടയിലെറിഞ്ഞ് ചരകൻ്റെ മഹത്വം ഉദ്ഘോഷിക്കുന്നതിൽ എന്തെങ്കിലും യുക്തിയോ ഔചിത്യമോ ഉണ്ടെന്ന് തോന്നുന്നില്ല.

ലോകത്തിൻ്റെ സംഭാവനകളെ പൂർണ്ണമനസ്സോടെ സ്വീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്തിരുന്ന മഹത്തായ ഭാരതീയ സംസ്കാരത്തിൻ്റെ നിഷേധമാണ് പ്രതിജ്ഞയിലെ ചുവടുമാറ്റം എന്ന് പറയേണ്ടതുണ്ട്. നമ്മുടെ മെഡിക്കൽ വിദ്യാർത്ഥികൾ കാലങ്ങളായി പിൻതുടർന്നു വന്ന ഈ പ്രതിജ്ഞ കൊണ്ട് നാടിനോ ആതുര സേവന മേഖലയിലോ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അതിനെ നിഷേധിക്കുന്നതിൽ തെറ്റില്ല. എന്നാൽ സകലതും വാണിജ്യ വൽക്കരിക്കപ്പെടുന്ന വർത്തമാന കാലത്തിൽ ഭിഷഗ്വരൻമാരിൽ സേവനത്തിൻ്റെയും ആത്മാർപ്പണത്തിൻ്റയും ചാലക ശക്തിയായി പ്രവർത്തിക്കുന്ന ഹിപ്പോക്രാറ്റസ് പ്രതിജ്ഞ അതേ പടി പിൻപറ്റുന്നത് തന്നെയാണ് ആതുരസേവന മേഖലയ്ക്ക് അഭികാമ്യം.