ചരിത്രകാരന്‍ ഡി.എന്‍ ഝാ അന്തരിച്ചു

0

ന്യൂ ഡൽഹി: ചരിത്രകാരന്‍ പ്രഫ. ഡി.എന്‍ ഝാ (ദ്വജേന്ദ്ര നാരായന്‍ ഝാ) അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏതാനും വര്‍ഷം മുമ്പ് ഉണ്ടായ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു.

പ്രാചീന ഇന്ത്യാചരിത്രത്തില്‍ വിദഗ്ധനായ പ്രഫ. ഡി എന്‍ ഝാ ഡല്‍ഹി സര്‍വകലാശാല ചരിത്രവിഭാഗം മുന്‍ അധ്യാപകനായിരുന്നു. ചരിത്രത്തെ ഹിന്ദുത്വവല്‍ക്കരിക്കുന്നതിനെതിരേ ശക്തമായ നിലപാടെടുത്ത അദ്ദേഹം ബാബറി മസ്ജിദ് വിഷയത്തില്‍ ആര്‍.എസ്.എസ്സിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായി നിലകൊണ്ടു.

ആദ്യകാല ഇന്ത്യാ ചരിത്രത്തെ ഹിന്ദുത്വവല്‍ക്കരിക്കുന്നതിരെ അദ്ദേഹം നിരവധി പുസ്തകങ്ങള്‍ എഴുതിയിരുന്നു. അതുകൊണ്ട് തന്നെ ആര്‍.എസ്.എസ് പക്ഷ ചരിത്രകാരന്മാര്‍ക്ക് അദ്ദേഹം അസ്വീകാര്യനായിരുന്നു.

ദി മിത്ത് ഓഫ് ഹോളി കൗ ഹിന്ദുത്വ ചരിത്രത്തെ ശക്തമായി ചോദ്യം ചെയ്യുന്ന ഗ്രന്ഥമാണ്. എഗയ്ന്‍സ്റ്റ് ഗ്രെയ്ന്‍: നോട്ട്‌സ് ഓണ്‍ ഐഡന്റിറ്റി, ഇന്‍ടോളറന്‍സ് ആന്റ് ഹിസ്റ്ററി, ബ്രാഹ്മണിക്കല്‍ ഇന്‍ടോളറന്‍സ് ഇന്‍ ഏര്‍ലി ഇന്ത്യ, കൗ കോനുന്‍ഡ്രം, വാട്ട് ദി ഗോഡ് ഡ്രങ്ക് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകള്‍.