എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്

0

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഹോങ്കോങ് വീണ്ടും താത്കാലിക വിലക്കേര്‍പ്പെടുത്തി. ഈ ആഴ്ച തുടക്കത്തില്‍ മുംബൈ – ഹോങ്കോങ് വിമാനത്തിലെ യാത്രക്കാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ നവംബര്‍ 10 വരെയാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

‘ഈ ആഴ്ച ആദ്യം എയര്‍ ഇന്ത്യ മുംബൈ-ഹോങ്കോങ് വിമാനത്തില്‍ യാത്ര ചെയ്ത ഏതാനും യാത്രക്കാര്‍ ഹോങ്കോങ്ങിലെത്തിയതിന് ശേഷം കോവിഡ് സ്ഥിരീകരിച്ചു. – മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഹോങ്കോങ് സര്‍ക്കാരിന്റെ നിയമമനുസരിച്ച് യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ടു ട്ടുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് ഹോങ്കോങില്‍ പ്രവേശിക്കാം. മാത്രമല്ല, എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും ഹോങ്കോങ് വിമാനത്താവളത്തില്‍ കോവിഡ് പരിശോധനയ്ക്കും വിധേയമാക്കാറുണ്ട്.

ഇന്ത്യയെ കൂടാതെ, ബംഗ്ലാദേശ്, എത്യോപ്യ, ഫ്രാന്‍സ്, നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, റഷ്യ, ദക്ഷിണാഫ്രിക്ക, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

ഇത് നാലാം തവണയാണ് ഹോങ്കോങ്ങിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, ഡല്‍ഹി- ഹോങ്കോങ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഓഗസ്റ്റ് 18 മുതല്‍ ഓഗസ്റ്റ് 31 വരെയും സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയും ഒക്ടോബര്‍ 17 മുതല്‍ ഒക്ടോബര്‍ 30 വരെയും വിലക്കേര്‍പ്പെടുത്തിയിരുന്നു.