ഹോങ്‍കോങ് പ്രക്ഷോഭത്തിന് കാരണമായ ബില്ല് പിൻവലിച്ചു; ഇത് ജനാധിപത്യത്തിന്റെ വിജയം

0

ഹോങ്‍കോങ്: വൻ ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ കുറ്റവാളികളെ കൈമാറാനുള്ള വിവാദ ബില്ല് ഹോങ്‍കോങ് ഭരണാധികാരി കാരി ലാം പിൻവലിച്ചു. ബില്ല് പിൻവലിക്കുമെന്ന് നേരത്തെ തന്നെ കാരി ലാം പ്രഖ്യാപിച്ചിരുന്നതാണ്.തന്നെ അനുകൂലിക്കുന്ന നിയമസഭാംഗങ്ങളെ കണ്ട് ചർച്ച ചെയ്തതിനു ശേഷമായിരിക്കും ലാം പിൻവലിക്കൽ പ്രഖ്യാപിക്കുക.

പലപ്പോഴും അക്രമങ്ങളിലേക്ക് വഴിമാറിയ വൻ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് വിവാദബില്ല് പിൻവലിക്കാൻ കാരി ലാം തയ്യാറാകുന്നത്. ചൈനയുടെ കീഴിലുള്ള സ്വതന്ത്രഭരണകൂടമുള്ള പ്രദേശമാണ് ഹോങ്‍കോങ്. വലിയ സ്വാതന്ത്ര്യപ്രക്ഷോഭങ്ങൾക്ക് ശേഷമാണ് ഹോങ്‍കോങിന് സ്വയംഭരണാവകാശം ലഭിച്ചത്.

നഗരത്തെ കൂടുതൽ അധീനപ്പെടുത്താനുള്ള മെയിൻലാൻഡിന്റെ, ചൈനയുടെ, ശ്രമമാണ് ഈ നിയമഭേദഗതിക്കു പിന്നിലെന്നാണ് പ്രക്ഷോഭകാരികൾ ആരോപിച്ചിരുന്നത്. എന്നാൽ ഹോങ്കോങ്ങിന്റെ കുറ്റവാളികളെ കൈമാറൽ നിയമത്തിലെ ‘ലൂപ്പ്ഹോളുകൾ’ നീക്കുകയും ക്രിമിനലുകള്‍ നഗരത്തെ സുരക്ഷിത താവളമാക്കുന്ന സ്ഥിതിയിൽ മാറ്റം വരുത്തുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് നഗരത്തിന്റെ ചീഫ് എക്സിക്യുട്ടീവ് കാരി ലാം വിശദീകരിക്കുകയുണ്ടായി. ഈ വിശദീകരണത്തിൽ പ്രക്ഷോഭകർ തൃപ്തരായിരുന്നില്ല.

ബിൽ വൻ പ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കിയതിനെത്തുടർന്ന്, ഹോങ്‍കോങ് ഭരണകൂടം തയ്യാറാക്കിയ ബില്ല് തൽക്കാലം ചൈനീസ് ഭരണകൂടം പരിഗണിക്കാതെ തിരിച്ചയച്ചെന്നാണ് സൂചന. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കാരി ലാം രാജിയ്ക്ക് ഒരുങ്ങിയെന്നും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്.

ചൈന, മകാവു, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുറ്റവാളികളെ കൈമാറൽ അപേക്ഷകൾ സ്വീകരിക്കാൻ പാകത്തിൽ നിയമഭേദഗതി വരുത്തുകയാണ് ഹോങ്കോങ് ചെയ്യുന്നത്.മാർച്ചിലാണ് കുറ്റവാളിക്കൈമാറ്റബില്ലിനെതിരെ ഹോങ്‍കോങിൽ പ്രതിഷേധങ്ങൾ തുടങ്ങിയത്.

ജൂൺ മാസമാവുമ്പോഴേക്ക് പ്രതിഷേധങ്ങളിലേക്ക് പതിനായിരക്കണക്കിന് പേരെത്തിത്തുടങ്ങി. അത് പിന്നീട് സ്വതന്ത്രരാജ്യത്തിന് വേണ്ടിയുള്ള മുറവിളിയായി മാറിയതോടെയാണ് കാരി ലാം വഴങ്ങുന്നത്.

ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്‍കോങിന് 1997-ലാണ് ചൈനയിൽ നിന്ന് സ്വയംഭരണാവകാശം ലഭിക്കുന്നത്. മെയിൻലാൻഡ് ചൈനയായി കണക്കാക്കുന്നുണ്ടെങ്കിലും ഹോങ‍്‍കോങുകാർ പൊതുവേ സ്വയം ചൈനക്കാരായല്ല വിശേഷിപ്പിക്കാറ്. സ്വയം ഭരണവ്യവസ്ഥയും ആഭ്യന്തര സാമ്പത്തിക വ്യവസ്ഥയുമെല്ലാമുള്ള പ്രദേശമാണ് ഹോങ്‍കോങ്.